തിരുവനന്തപുരം: മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഞെളിയന്‍പറമ്പില്‍ ആരംഭിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യത്തില്‍നിന്ന് ഒരു വ്യാവസായിക ഉല്‍പന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാവുന്നുവെന്ന് മാത്രമല്ല, അദ്ഭുതകരമായ മാറ്റം കൂടിയാണ് ഉണ്ടാവുക. 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിച്ച് കമ്പ്രസ്ഡ് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചി ബ്രഹ്‌മപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു.
ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ എതിര്‍ക്കുകയെന്ന പൊതുവായ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ശുചിത്വത്തിന്റെ കാര്യത്തില്‍ കോഴിക്കോട് കൈവരിച്ച നേട്ടങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കാന്‍ കോര്‍പ്പറേഷന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. ജയശ്രീ, പി ദിവാകരന്‍, പി കെ നാസര്‍, പി സി രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി അനില്‍ കുമാര്‍, സ്റ്റേറ്റ് ഹെഡ് വി ആര്‍ ഹരികൃഷ്ണന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ടി യു ബിനി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.