തിരുവനന്തപുരം: മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എതിര്‍പ്പുയര്‍ത്തുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയത്തിലേക്ക്. വൃത്തി കോണ്‍ക്ലേവിനോടനുബന്ധിച്ച് മന്ത്രി എംബി രാജേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങളുടെ ആശങ്കകള്‍ പരിഹുരിക്കാന്‍ സര്‍ക്കാര്‍ തുറന്ന സമീപനം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവിധ മേഖലകളില്‍ നിന്നെത്തിയവര്‍ പ്രതികരിച്ചു. മുട്ടത്തറ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉള്‍പ്പെടെ നേരിട്ട് സന്ദര്‍ശിച്ചശേഷമാണ് അവര്‍ ചര്‍ച്ചയ്ക്ക് എത്തിയത്.
തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, ആറ്റിങ്ങല്‍, അഴൂര്, മാറനല്ലൂര്‍, മലപ്പുറം ജില്ലയിലെ കവനൂര്‍, പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, എലന്തൂര്‍, കോട്ടയം നഗരസഭ, കാസര്‍കോട് ജില്ലയിലെ ചീമേനി, എറണാകുളം ജില്ലയിലെ ആയവന, തൃക്കാക്കര, കൊല്ലം ജില്ലയിലെ പനയം, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യപ്ലാന്റ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി രംഗത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കും ലാന്‍ഡ് ഫില്‍ സംവിധാനങ്ങള്‍ക്കും എതിരെ പലഭാഗത്തും ഉയര്‍ന്നുവരുന്ന വിമര്‍ശനം സമീപത്തെ ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുമെന്നതായിരുന്നു. മുട്ടത്തറ പ്ലാന്റ് സന്ദര്‍ശിച്ചതിലൂടെയും വിജയകരമായി പ്ലാന്റ് സ്ഥാപിക്കാനായ സ്ഥലങ്ങളില്‍ നിന്നെത്തിയവരുടെ അനുഭവങ്ങളിലൂടെയും മറ്റു സ്ഥലങ്ങളിലുള്ളവരുടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ യോഗത്തിന് സാധിച്ചു. സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്‌കരണ മാതൃകകള്‍ ജനനേതാക്കള്‍ സന്ദര്‍ശിക്കണമെന്ന് മന്ത്രി എംബി രാജേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു.
മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുമായി തുറന്ന ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ ഇനിയും തയ്യാറാണെന്നും, ഇത്തരത്തിലുള്ള ചര്‍ച്ചകളിലൂടെ മുടങ്ങിക്കിടന്ന പല മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞു എന്ന കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ മാലിന്യ സംസ്‌കരണ പദ്ധതികളെ എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു. റെന്‍ഡറിങ് പ്ലാന്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ എല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നത് ആയിരിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ മുന്‍ ചീഫ് സെക്രട്ടറി വി. വേണു മോഡറേറ്ററായി. 50 വര്‍ഷത്തോളം മുടങ്ങിക്കിടന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പിലാക്കാനായതിന്റെ അനുഭവങ്ങള്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖാമുഖത്തില്‍ പങ്കുവച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ ഹരിത ട്രിബ്യൂണല്‍ എന്നീ സ്ഥാപനങ്ങള്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശുദ്ധീകരിച്ച വെള്ളമാണ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്നതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ജല അതോറിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബു തുടങ്ങിയവര്‍ മുഖാമുഖത്തില്‍ സംസാരിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലുള്ള മുട്ടത്തറ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷമാണ് പ്രതിനിധികള്‍ പരിപാടിക്ക് എത്തിയത്.