കൈത്തുന്നലിന്റെ മാസ്മരികതയുമായി മഹാലക്ഷ്മി ബാലമുരുകന്‍ സ്റ്റുഡന്റ്സ് ബിനാലെയില്‍

New Update
SB 1
കൊച്ചി: ഒത്തനടുക്ക് വച്ചിരിക്കുന്ന മധുരപലഹാരങ്ങളിലേക്ക് അരിച്ചെത്തുന്ന ഉറുമ്പുകള്‍, ഈ പ്രമേയത്തെ തുണിയില്‍ തുന്നിയെടുത്തിരിക്കുകയാണ് തമിഴ്നാട് സ്വദേശിനിയായ മഹാലക്ഷ്മി ബാലമുരുകന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (KBF) സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളില്‍ ഒരുക്കിയിട്ടുള്ള 'സ്വീറ്റ് അസെന്റ് – എ ട്രേസ്ഡ് ടാപെസ്ട്രി' (Sweet Ascent – A Traced Tapestry) എന്ന കലാസൃഷ്ടി പ്രകൃതിയുമായുള്ള വേറിട്ടൊരു സംവാദമാണ് കാണികള്‍ക്ക് നല്‍കുന്നത്.

തമിഴ്‌നാട്ടിലെ കുംഭകോണത്തെ ഗവ. ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥിനിയായ മഹാലക്ഷ്മി രണ്ട് മാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ സൃഷ്ടി തുന്നിയെടുത്തത്. മധുരപലഹാരങ്ങളിലേക്ക് ഉറുമ്പുകൾ നടത്തുന്ന ചടുലമായ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഇത് ചെയ്തെടുത്തത്.

കൈത്തയ്യലിന്റെ വിസ്മയമായ 'സ്വീറ്റ് അസെന്റ്' എന്ന സൃഷ്ടിക്കൊപ്പം തന്നെ സന്ദർശകർക്ക് കലാനുഭവത്തിൽ പങ്കുചേരാൻ അവസരമൊരുക്കുന്ന 'ടൈനി ഓഷ്യൻ ബാലെ' (Tiny Ocean Ballet) എന്ന കലാപ്രതിഷ്ഠയും പ്രദർശനത്തിലുണ്ട്. തന്റെ ഫൈന്‍ ആര്‍ട്സ് (എംഎഫ്എ) പഠനകാലത്തെ പ്രവർത്തനങ്ങളുടെ സമാഹാരമാണ് ഈ പ്രദർശനം.

ഉറുമ്പുകളുടെ സങ്കീർണ്ണമായ സഞ്ചാരപാത അതുപോലെ തന്നെ തുന്നിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് മഹാലക്ഷ്മി പറഞ്ഞു. ക്യൂറേറ്റർമാരായ സുധീഷ് കോട്ടമ്പ്രം, ശീതൾ സി.പി. എന്നിവരാണ് സ്റ്റുഡന്റ്സ് ബിനാലെയിലേക്ക് മഹാലക്ഷ്മിയെ തിരഞ്ഞെടുത്തത്.

സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് മഹാലക്ഷ്മിയുടെ സൃഷ്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൃഷ്ടിയെ മനസിലാക്കാന്‍ സന്ദര്‍ശകര്‍ സമയം ചെലവഴിക്കാന്‍ തയ്യാറാകുന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് അവർ പറ‍ഞ്ഞു. ആഗോള സമകാലീനകലാസമൂഹത്തിന് മുന്നിൽ സ്വന്തം സൃഷ്ടികൾ അവതരിപ്പിക്കാനും ആധുനിക കലാലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റുഡന്റ്സ് ബിനാലെയിലെ പങ്കാളിത്തം ഏറെ സഹായിച്ചെന്നും അവര്‍ പറഞ്ഞു.
Advertisment
Advertisment