കോട്ടയം: ഓശാന തിരുക്കര്‍മ ശുശ്രൂഷകള്‍ക്കിടെ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗത്തിനെതിരെ വിമര്‍ശനവുമായി യാക്കോബായ സഭാധ്യക്ഷന്‍ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാബാവ. ചിലര്‍ക്ക് കേസ് കൊടുക്കുന്നതിന് നോമ്പും പീഡാനുഭവവും പ്രശ്നമല്ല. അവരെക്കുറിച്ച് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ സാധിക്കൂ. ഞാനിവിടെ ശുശ്രൂഷ, നടത്തരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഞങ്ങള്‍ തിരുമേനിമാരെ ദേവാലയത്തില്‍ കയറുന്നതു തടയുവാന്‍ സാധിക്കുമായിരിക്കും.
പക്ഷേ, പാവപ്പെട്ട വിശ്വാസ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നു എന്നെയും സഹോദര മെത്രാപ്പോലീത്തമാരെയും അടര്‍ത്തി മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. മനുഷ്യ നിര്‍മിത ദേവാലയങ്ങള്‍ അല്ല പരിശുദ്ധ സഭ. അടിച്ചിറക്കപ്പെട്ടപ്പോള്‍ പുതയ ദേവാലയങ്ങള്‍ നിര്‍മിച്ചില്ലേ.. അവിടെ അവര്‍ ആരാധിക്കുന്നില്ലേ. അത് ദൈവമക്കള്‍ മനസിലാക്കണം. നിര്‍മിത ദേവാലയങ്ങള്‍ അല്ല, ഞാനും നിങ്ങളുമൊക്കെ ദേവാലയങ്ങളാണ്. അവിടെ അധിവസിക്കുവന്‍, അവിടെ പാര്‍ക്കുവാനാണ് എനിക്കും ഇഷ്ടം. അതു തന്നെയാണ് ക്രിസ്തുവും ആഗ്രഹിക്കുന്നത്.
എവിടെ പ്രവേശനം നിരസിച്ചാലും, എവിടെയെല്ലാം പ്രവേശനം നിഷേധിക്കുന്നത് കോടതി അംഗീകരിച്ചുകൊടുത്താലും അവിടെ ജനഹൃദയങ്ങളില്‍ ഇടമുണ്ട് എന്ന ബോധ്യമാണ് ഏറ്റവും വലിയ അംഗീകാരമെന്നു പറയുന്നതെന്നും മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു.
ആഗോള മരിയന്‍ തീര്‍ത്ഥാന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ കാതോലിക്കായായി വാഴ്ത്തപ്പെട്ട ശേഷം ആദ്യമായായിരുന്നു അദ്ദേഹം മണര്‍കാട്ടേക്ക് എത്തുന്നത്.
മലങ്കരസഭയുടെ കോട്ടയം ഭദ്രാസനത്തിലെ മണര്‍കാട് പള്ളി ഉള്‍പ്പെടെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിനു തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്കുള്ള നിരോധനം കോട്ടയം ജില്ലാ കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. മലങ്കരസഭയില്‍ സമാധാനം ഉണ്ടാകണമെന്നു കൈയ്യടികള്‍ക്കു വേണ്ടി പറയുന്നതില്‍ അര്‍ത്ഥമില്ലെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം പറഞ്ഞത്.
ബസേലിയോസ് ജോസഫ് മഫ്രിയാന സമാധാനത്തെക്കുറിച്ചു വാചാലനാകുകയും അതേ സമയം കേസ് നിലനില്‍ക്കുന്ന മലങ്കരസഭയുടെ പള്ളികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതു ന്യായമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരം പരാമര്‍ശനങ്ങള്‍ക്കുള്ള മറുപടികൂടിയാണ് മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ നല്‍കിയത്.