/sathyam/media/media_files/2025/05/09/WWAVtgxgqumQZCMtmw5S.jpg)
മലപ്പുറം: നിസ്സാര കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് നിഷേധിച്ച മലപ്പുറം മങ്കടയിലെ ക്ഷീരകര്‍ഷകന് ഉപഭോക്തൃ കമ്മീഷന്‍ അനുകൂല വിധി നല്‍കി. ഇന്‍ഷുറന്‍സ് തുക നിഷേധിച്ച കമ്പനി കര്‍ഷകന് 1.3 ലക്ഷം രൂപ നല്‍കണമെന്നാണ് ഉത്തരവ്. മങ്കട സ്വദേശിയായ തയ്യില്‍ ഇസ്മായില്‍ 70,000 രൂപ മുടക്കിയാണ് ഒരു ഉന്നത ഇനം പശുവിനെ വാങ്ങിയത്.
ഈ പശു ദിവസവും ഏകദേശം 23 ലിറ്റര്‍ പാല്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പശുവിന് അസുഖം ബാധിച്ച് ചത്തു. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ ഫോട്ടോ എടുക്കുകയും ഇന്‍ഷുറന്‍സ് കമ്പനിക്ക് അയക്കുകയും ചെയ്തു.
പശുവിന്റെ ഫോട്ടോ എടുത്തപ്പോള്‍ ഇന്‍ഷുറന്‍സ് ടാഗ് കാണാനായി ചെവിയോട് ചേര്‍ത്ത് വെച്ചിരുന്നു. എന്നാല്‍ ടാഗ് വലത് ചെവിയിലായിരുന്നെന്നും ഫോട്ടോയില്‍ അത് വ്യക്തമല്ലെന്നും പറഞ്ഞ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചു. ടാഗിന്റെ സ്ഥാനം വ്യക്തമാക്കിക്കൊണ്ട് വെറ്ററിനറി ഡോക്ടര്‍ രേഖാമൂലം അറിയിച്ചിട്ടും കമ്പനി തുക നല്‍കാന്‍ തയ്യാറായില്ല.
ഇതിനെത്തുടര്‍ന്നാണ് ഇസ്മായില്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് പരിഗണിച്ച കമ്മീഷന്‍, ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വൈകിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയായ 70,000 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 10,000 രൂപയും ചേര്‍ത്ത് ആകെ 1.3 ലക്ഷം രൂപ ഒരു മാസത്തിനകം കര്‍ഷകന് നല്‍കാന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ വിധി പ്രഖ്യാപിച്ച തീയതി മുതല്‍ 9% പലിശയും നല്‍കേണ്ടിവരും.