യുവതിയെ വധിക്കാന്‍ ശ്രമം. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികള്‍ ഏഴു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു

New Update
kerala police1111

മാന്നാര്‍: യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ ചെന്നിത്തല സ്വദേശി പ്രവീണ്‍ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് അറസ്റ്റിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

Advertisment

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടര്‍ന്ന് മാന്നാറില്‍ എത്തിയ യുവതിയെ പ്രവീണും മഞ്ചുവും ചേര്‍ന്ന് വലിയ പെരുമ്പുഴ പാലത്തില്‍ നിന്നും നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 


ഈ കേസുമായി ബന്ധപ്പെട്ട് മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒളിവില്‍ പോയി. തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ മോഷണം, കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍.


വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാര്‍ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാന്നാര്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രവീണിനെ ചെങ്ങന്നൂരില്‍ നിന്നും മഞ്ചുവിനെ റാന്നിയില്‍ നിന്നും പിടികൂടുകയായിരുന്നു. 


മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രജീഷ് കുമാര്‍, എസ്‌ഐ അഭിരാം സിഎസ്, ഗ്രേഡ് എഎസ്‌ഐ തുളസി ഭായി, സിപിഒ മാരായ ഹരിപ്രസാദ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment