പ്രദേശത്ത് കനത്ത ദുര്‍ഗന്ധം. പത്തിലേറെ ചത്ത കോഴികള്‍ പുഴുവരിച്ച നിലയില്‍. ഇറച്ചിക്കട ഉടമയില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കി ഗുരുവായൂര്‍ നഗരസഭ

ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാന്‍  ഗുരുവായൂര്‍ നഗരസഭ നോട്ടീസ് നല്‍കി.  

New Update
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുവൈറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍

തൃശൂര്‍: ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാന്‍  ഗുരുവായൂര്‍ നഗരസഭ നോട്ടീസ് നല്‍കി.  ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ ഹലാല്‍ മീറ്റ് സെന്ററിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പത്തിലധികം ചത്ത കോഴികളെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

ഇതേ തുടര്‍ന്നാണ് ഏഴ് ദിവസത്തിനകം പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങള്‍ എരുമപ്പെട്ടിയിലെ റെന്‍ഡറിങ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ തടഞ്ഞു.


 മാലിന്യങ്ങള്‍ രാത്രിയില്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വാഹന ഉടമയില്‍ നിന്ന് പിഴ ഈടാക്കി. ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.



ലൈസന്‍സ് പുതുക്കാത്തതിന് സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ഹര്‍ഷിദ് പറഞ്ഞു. ലൈസന്‍സോ മാലിന്യ സംസ്‌കരണ സംവിധാനങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.


 

Advertisment