വാഷിംഗ്ടണ്‍: പ്രശസ്ത മെക്സിക്കന്‍ ബോക്സറായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ്. ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ നിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. ജന്മനാടായ മെക്സിക്കോയിലേക്ക് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.
മെക്സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാര്‍ട്ടലുമായി ബന്ധമുള്ളയാളാണ് ഷാവേസ് എന്നാണ് കണ്ടെത്തല്‍. മെക്സിക്കോയില്‍ ഷാവേസിനെതിരേ ആയുധക്കടത്ത് അടക്കമുളള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ്, എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ ഭാര്യയായിരുന്നു. സിനലാവോ കാര്‍ട്ടലിന്റെ നേതാവ് ജോക്വിന്‍ ഗുസ്മാന്റെ മകനാണ് എഡ്ഗര്‍ ഗുസ്മാന്‍. 2008-ല്‍ എഡ്ഗര്‍ ഗുസ്മാന്‍ കൊല്ലപ്പെടുകയും ചെയ്തു.