മാലിന്യമുക്ത കേരളം. അസാധ്യമായിട്ടൊന്നുമില്ല എന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് പകരുന്ന നേട്ടമെന്ന് മന്ത്രി എം ബി രാജേഷ്

കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകളില്‍ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 1021 ഉം മാലിന്യമുക്തമായി പ്രഖ്യാപിച്ച വിവരം അറിയിച്ച് മന്ത്രി എം ബി രാജേഷ്. 

New Update
m b rajesh

തിരുവനന്തപുരം: കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകളില്‍ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 1021 ഉം മാലിന്യമുക്തമായി പ്രഖ്യാപിച്ച വിവരം അറിയിച്ച് മന്ത്രി എം ബി രാജേഷ്. 


Advertisment

അസാധ്യമായിട്ടൊന്നുമില്ല എന്ന ആത്മവിശ്വാസം കേരളത്തിന് പകരുന്ന നേട്ടമാണ് ഇന്നലെ നാം കൈവരിച്ചതെന്നും മാലിന്യ മുക്ത പഞ്ചായത്തുകളും നഗരസഭകളുമായി പ്രഖ്യാപിക്കപ്പെട്ട എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 



കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അസാധ്യമായിട്ടൊന്നുമില്ല എന്ന ആത്മവിശ്വാസം കേരളത്തിന് പകരുന്ന നേട്ടമാണ് ഇന്നലെ നാം കൈവരിച്ചത്. കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാര്‍ഡുകളില്‍ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 1021 ഉം മാലിന്യമുക്തമായി പ്രഖ്യാപിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. സംസ്ഥാനത്തെ 97.96 % വാര്‍ഡുകളും 98.47% തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ച 13മാനദണ്ഡങ്ങളില്‍ ഓരോന്നിലും 80% പുരോഗതി കൈവരിച്ചാണ് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ 934 ഗ്രാമപഞ്ചായത്തുകള്‍, 82 മുന്‍സിപ്പാലിറ്റികള്‍, അഞ്ച് കോര്‍പറേഷനുകള്‍ എന്നിവ മാലിന്യമുക്തമായതായി പ്രഖ്യാപിക്കപ്പെട്ടത്. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പുരോഗതിയും വിവിധ മേഖലയിലുള്ളവര്‍ അടങ്ങുന്ന വിദഗ്ദ്ധ സമിതി പരിശോധിച്ച് മാര്‍ക്കിട്ടാണ്, മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ യോഗ്യരാണെന്ന് ഉറപ്പാക്കിയത്. ഇങ്ങനെ 99.26 % ഗ്രാമ പഞ്ചായത്തുകളും 94.25% നഗരസഭകളും മാലിന്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. മാലിന്യ മുക്ത പഞ്ചായത്തുകളും നഗരസഭകളുമായി പ്രഖ്യാപിക്കപ്പെട്ട എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും സര്‍ക്കാരിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത യജ്ഞം ഇവയ്ക്ക് ശേഷം ഏറ്റവും ജനകീയമായി നടന്ന ക്യാമ്പയിനാണ് മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട് നാം നടത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏറ്റെടുത്ത ക്യാംപയിനാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. ക്യാമ്പയിന്റെ പ്രാരംഭ ഘട്ടത്തില്‍ വലിയരീതിയിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. മിനി എം സിഎഫുകള്‍ സ്ഥാപിക്കുന്നതിനുപോലും വലിയ ജനപ്രതിരോധങ്ങള്‍ നേരിടേണ്ടിവരുന്നു. പക്ഷെ ഈ സാഹചര്യത്തില്‍ നിന്നും കേരളം ഒരുപാട് മാറി. ശേഷം സുല്‍ത്താന്‍ ബത്തേരിയും ആലപ്പുഴയും ഗുരുവായൂരും തുടങ്ങി ഒറ്റപ്പെട്ട വിജയമാതൃകകള്‍ ഉണ്ടായി വരാന്‍ തുടങ്ങി. ഈ ക്യാമ്പയിന്‍ ഏറ്റവും വഴിത്തിരവായിമാറിയത് ബ്രഹ്‌മപുരം തീപിടുത്തമാണ്. ബ്രഹ്‌മപുരത്തുണ്ടായ ആപത്തിനെ ഒരവസരമാക്കിമാറ്റാന്‍ സാധിച്ചു. ഇതിലൂടെ കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങള്‍ ചെറുതല്ല. ഇതൊക്കെ കാണിക്കുന്നത് ഈ ക്യാമ്പയിനിന്റെ ഭാഗമായുണ്ടായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ഒത്തു ചേര്‍ന്നാല്‍ ഒന്നും അസാധ്യമല്ലെന്ന് ഈ ക്യാമ്പയിന്‍ തെളിയിക്കുന്നു.

മാര്‍ച്ച് മാസത്തില്‍ ഹരിതമിത്രം ആപ്പിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 87,75,713 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഹരിതകര്‍മ്മ സേന എത്തി അജൈവ മാലിന്യം ശേഖരിച്ചത്. ഹരിത മിത്രം ആപ്പ് ഉപയോഗിക്കാത്ത 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവരുടെ കണക്കാണിത്.

കേരളത്തിന് പുറത്ത് ഇന്‍ഡോര്‍ പോലുള്ള ചില മാതൃകകള്‍ എല്ലാവരും ചൂണ്ടിക്കാട്ടാറുണ്ട്. ഇന്‍ഡോര്‍ ഒരു മികച്ച മാതൃകയാണ് താനും, പക്ഷേ ഒരൊറ്റ നഗരത്തിന്റെ മാത്രം വിജയഗാഥയാണ്. ഇന്‍ഡോറിന് ചുറ്റുമുള്ള സ്ഥലങ്ങളൊന്നും ആ നേട്ടം കൈവരിച്ചിട്ടില്ല. ഇന്‍ഡോര്‍ ഉള്‍പ്പെടുന്ന മധ്യപ്രദേശിനും ആ നേട്ടം കൈവരിക്കാനായിട്ടില്ല. ഇവിടെ ഒരു സംസ്ഥാനത്തിനു മുഴുവന്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടമാണ് ഇത് എന്നതാണ് പ്രത്യേകത

ഈ ക്യാമ്പയിന്റെ നേട്ടം 100 ശതമാനത്തിലെത്തിക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ കഴിയും എന്ന ആത്മവിശ്വാസം പകരുന്നതാണ് ഈ വസ്തുതകളെല്ലാം. അതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഒട്ടും വിട്ടുവീഴ്ചയില്ലാതെ ഇനിയും തുടരും. മാലിന്യമുക്തമായവ നിലനിര്‍ത്താനും, അല്ലാത്ത പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുമുള്ള വിപുലമായ പ്രവര്‍ത്തന പദ്ധതിയും നടപ്പിലാക്കും. എല്ലാത്തരം മാലിന്യത്തിന്റെയും പരിപാലനം, സമ്പൂര്‍ണമായ ഡിജിറ്റല്‍ ട്രാക്കിംഗ്, പുനര്‍ചംക്രമണ പാര്‍ക്കുകള്‍ എന്നിവയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

Advertisment