തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ വന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേകര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും വിധി പക്ഷേ നിയമമായി കഴിഞ്ഞുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന ശില എന്ന് പറയുന്നത് ജനാധിപത്യവും ഫെഡറലിസവുമാണ്. ജനാധിപത്യമാണ് ഈ വിധിയിലൂടെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.
'ബില്ലില്‍ അനന്തമായി അടയിരിക്കുമ്പോള്‍ ജനാധിപത്യം ഇല്ലാതാകും. ഒരു നിയമം ഭരണഘടന വിരുദ്ധമാണോ എന്നും കോടതികള്‍ ആണ് പരിശോധിക്കുക ഗവര്‍ണര്‍മാര്‍ ഒപ്പിട്ട ശേഷവും ഭരണഘടന വിരുദ്ധമാണ് എങ്കില്‍ കോടതി ഇടപെടും ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി'. മന്ത്രി പി രാജീവ് പറഞ്ഞു.
ഗവര്‍ണറുടെ അധികാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സുപ്രീംകോടതി വിധി അതിരുകടന്നതെന്നായിരുന്നു സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കരുടെ പ്രതികരണം. ഹര്‍ജി ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു വേണ്ടതെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.