തിരുവനന്തപുരം: ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സാംസ്‌കാരിക നായകര്‍ ഈ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ആശ പദ്ധതി കേന്ദ്ര പദ്ധതിയായതിനാല്‍, ആശമാരെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും, ആരംഭത്തില്‍ ലഭിച്ച ഇന്‍സെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി.
2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആശമാര്‍ക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടര്‍ന്ന് ആകെ 6000 രൂപയുടെ വര്‍ദ്ധനവാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. നിലവില്‍ 7000 രൂപ ഓണറേറിയവും, ഇന്‍സെന്റീവ് ഉള്‍പ്പെടെ നല്ല സേവനം ചെയ്യുന്ന ആശയ്ക്ക് 13000 രൂപവരെ ലഭിക്കുന്നു. ഇതില്‍ ഓണറേറിയവും ഇന്‍സെന്റീവിന്റെ 40 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.