/sathyam/media/media_files/2025/02/20/uUZyJyCRc1SzSxru0iba.jpg)
തിരുവനന്തപുരം: ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്.
ഡിസംബര്‍ 7 മുതല്‍ മാര്‍ച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താനായി. ഇതിലൂടെ പ്രിസന്റീവ് ടിബി എക്‌സാമിനേഷന്‍ നിരക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1500ല്‍ നിന്ന് 2201 ആയി ഉയര്‍ത്താനായി.
ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാര്‍ച്ച് ആദ്യ ആഴ്ചയോടെ അവരില്‍ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 1,98,101 പേര്‍ക്ക് വിശദ പരിശോധന നടത്തി. 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്‍ ചികിത്സ ഉറപ്പാക്കാനായതായും മന്ത്രി വ്യക്തമാക്കി.
'അതെ! നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം: പ്രതിബദ്ധത, നിക്ഷേപം, വാതില്‍പ്പടി സേവനം' എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിന സന്ദേശം. ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, സ്റ്റേറ്റ് ടി ബി സെല്‍, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക ക്ഷയരോഗ ദിനാചരണത്തിന്റേയും 100ദിന കര്‍മ്മ പരിപാടിയുടെ സമാപനത്തിന്റേയും ഉദ്ഘാടനം മാര്‍ച്ച് 24ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.