തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തൊഴിലാളികളുടെയും മറ്റു വിഭാഗം ജീവനക്കാരുടെയും ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നുവെന്നും അവരുടെ തൊഴില്‍ സുരക്ഷയും സേവന വേതന വ്യവസ്ഥയും ഭീഷണിയിലാണ് എന്നും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കും അനീതികള്‍ക്കും എതിരെ ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ഓഫീസര്‍മാരുടെയും എല്ലാ വിഭാഗം ജീവനക്കാരുടെയും സംയുക്ത പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ എന്ന സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ബി ടി ആര്‍ ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേല്‍പ്പറഞ്ഞ നയങ്ങളുടെ പ്രതിഫലനം തന്നെയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും കാണുന്നത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് എല്ലാ വിഭാഗം ജീവനക്കാരും ഒരു പുതിയ സംഘടനയുമായി മുന്നോട്ട് വരുന്നത് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഇരുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഡി കെ മുരളി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡണ്ട് എസ് എസ് അനില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ സനില്‍ ബാബു, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി ആര്‍ രമേശ് എന്നിവര്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ സംസാരിച്ചു.
എന്‍ സുനീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ ബി സജീവന്‍ സ്വാഗതവും ബിപിന്‍ നന്ദിയും പറഞ്ഞു. അശ്വതി രക്തസാക്ഷി പ്രമേയവും ബിപിന്‍ അനുശോചന പ്രമേയവും എസ്. വിനീഷ് സംഘടനാ രേഖയും അവതരിപ്പിച്ചു. സംഘടനയുടെ പ്രസിഡണ്ടായി എസ് എസ് അനില്‍, വര്‍ക്കിംഗ് പ്രസിഡണ്ടായി എസ് വിനീഷ്, ജനറല്‍ സെക്രട്ടറിയായി എന്‍ സുനീഷ്, ട്രഷറര്‍ ആയി ബി ഉദയകുമാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.