ലോക കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിലെത്തി

200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

New Update
modi dubaii.jpg

ലോക കാലാവസ്ഥാ ആക്ഷന്‍ (COP28) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  ദുബായിലെത്തി. യുഎഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ' ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ദുബായില്‍ വിമാനമിറങ്ങിയത്. മികച്ച ഒരു ലോകം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയുടെ നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയാണ്''-നരേന്ദ്ര മോദി എക്‌സിലൂടെ അറിയിച്ചു. പ്രധാനമന്ത്രി ആഗോള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും കാലാവസ്ഥാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളില്‍ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദുബായിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ഊഷ്മളമായ സ്വീകരണം തന്നെ വളരെയധികം സന്തോഷവാനാക്കിയതായും പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.

Advertisment

COP28 ന്റെ ഉയര്‍ന്ന തലത്തിലുള്ള വിഭാഗമാണ് ലോക കാലാവസ്ഥാ ആക്ഷന്‍ ഉച്ചകോടി. ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ലോക കാലാവസ്ഥാ ആക്ഷന്‍ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെയാണ് യുഎഇയുടെ അധ്യക്ഷതയില്‍ COP28 നടക്കുന്നത്. 

എക്സ്പോ സിറ്റിയിലെ COP28 വേദിയിലെ ലീഡര്‍ഷിപ്പ് പവലിയനില്‍ രാവിലെ 10:30 ഓടെ (പ്രാദേശിക സമയം) എത്തിച്ചേര്‍ന്ന ശേഷം യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. COP28 ഉച്ചകോടിയുടെ ഭാഗമായി അഞ്ച് പരിപാടികളില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. ഇന്ത്യയില്‍ നടന്ന ജി 20 പ്രസിഡന്‍സിയില്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കിയിരുന്നു. ''നമ്മുടെ നാഗരിക ധാര്‍മ്മികതയ്ക്ക് അനുസൃതമായി, സാമൂഹികവും സാമ്പത്തികവുമായ വികസനം പിന്തുടരുമ്പോഴും കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ഇന്ത്യ എപ്പോഴും ഊന്നല്‍ നല്‍കിയിട്ടുണ്ട്,'' മോദി കൂട്ടിച്ചേര്‍ത്തു.

പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യാനും കാലാവസ്ഥാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഭാവി പദ്ധതികള്‍ പട്ടികപ്പെടുത്താനും COP28 അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മതിയായ കാലാവസ്ഥാ ധനസഹായവും സാങ്കേതിക കൈമാറ്റവും ഉപയോഗിച്ച് വികസ്വര രാജ്യങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാന രാഷ്ട്രത്തലവന്‍മാരുമായും സര്‍ക്കാര്‍ തലവന്‍മാരുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയേക്കും. യുകെ പ്രധാനമന്ത്രി ഋഷി സുനക്ക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരടക്കമുള്ള നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

latest news narendra modi dubai
Advertisment