ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റില്‍ ഒരക്ഷരം മിണ്ടാത്ത ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റില്‍ ഒരക്ഷരം മിണ്ടാത്ത ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.

New Update
riyas

തിരുവനന്തപുരം:ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റില്‍ ഒരക്ഷരം മിണ്ടാത്ത ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരുവര്‍ഷം മുന്‍പുവരെ ഛത്തീസ്ഗഢില്‍ ഭരണത്തില്‍ ഉണ്ടായിരുന്നതും നിലവിലെ മുഖ്യപ്രതിപക്ഷവുമായ കോണ്‍ഗ്രസിന് ചെറുപ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ തോന്നാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Advertisment

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ഈ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നതു കണ്ടു. നല്ലതു തന്നെ. പക്ഷെ, കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. ആയതിനാല്‍ ദേശീയ തലത്തില്‍ അവര്‍ക്കൊരു നിലപാട് വേണം. കേരളത്തിലെ കോണ്‍ഗ്രസിന് ഒരു നിലപാട്, ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിനെ നേര്‍വഴിക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡിനോട് കെപിസിസി ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിനെ നേര്‍വഴിക്ക് നയിക്കാന്‍ ഹൈക്കമാന്‍ഡിനോട് KPCC ആവശ്യപ്പെടുമോ?

ഛത്തീസ്ഗഢില്‍ ബജ്രംഗ് ദളിന്റെ വ്യാജ പരാതിയിന്മേല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചാര്‍ത്തി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതില്‍ രാജ്യമാകെ BJP സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുകയാണ്. ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുന്നതിനൊപ്പം കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടി മതനിരപേക്ഷ മനസ്സുകളാകെ കൈകോര്‍ക്കുകയും വേണം.
എന്നാല്‍ സംഭവം നടന്ന ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ്സ് ഇതുവരെയും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ഒരു വര്‍ഷം മുന്‍പുവരെ അവിടെ സംസ്ഥാന ഭരണത്തില്‍ ഉണ്ടായിരുന്നതും നിലവിലെ മുഖ്യപ്രതിപക്ഷ പാര്‍ടിയുമായ കോണ്‍ഗ്രസ്സിന് ചെറു പ്രതിഷേധം പോലും സംഘടിപ്പിക്കാന്‍ തോന്നാത്തതെന്തുകൊണ്ടാണ്?

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് ഈ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുന്നതു കണ്ടു. നല്ലതു തന്നെ. പക്ഷെ, കോണ്‍ഗ്രസ്സ് ഒരു ദേശീയ പാര്‍ടിയാണ്. ആയതിനാല്‍ ദേശീയ തലത്തില്‍ അവര്‍ക്കൊരു നിലപാട് വേണം. കേരളത്തിലെ കോണ്‍ഗ്രസിന് ഒരു നിലപാട്, ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരമാണ്. കന്യാസ്ത്രീകളുടെ അറസ്റ്റിനു നിദാനമായ നിയമത്തിന്റെ സൃഷ്ടാവ് കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.


ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം (1968) ലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഈ നിയമം കൊണ്ടുവന്നത് ഛത്തീസ്ഗഢ് മധ്യപ്രദേശിന്റെ ഭാഗമായ കാലത്ത് കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്.
രാജ്യത്താദ്യമായി ഇത്തരമൊരു നിയമം കൊണ്ടുവന്നത് 1967 ല്‍ ഒറീസ്സയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ്. തൊട്ടടുത്ത വര്‍ഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായ ഗോവിന്ദ് നാരായണ്‍ സിംഗ് ഇതേ നിയമം നിയമസഭയില്‍ പാസ്സാക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാന്‍ പിന്നീടും വര്‍ഷങ്ങളോളം ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സ് തയ്യാറായില്ല.

മധ്യപ്രദേശിന്റെ തെക്കുകിഴക്കന്‍ ജില്ലകളെ വിഭജിച്ചുകൊണ്ടാണ് 2000 ല്‍ ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടത്. ഛത്തീസ്ഗഡില്‍ അധികാരത്തില്‍ വന്ന അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തുകയാണ് ചെയ്തത്. അതിന് ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം, 1968 എന്നു പേരുമിട്ടു. ആ നിയമം നടപ്പിലാക്കുന്നതിനുള്ള അനുബന്ധ ചട്ടങ്ങള്‍ ഉള്‍പ്പെടെ അതേപടി നിലനിര്‍ത്തുകയുണ്ടായി. പുതിയ സംസ്ഥാന രൂപീകരണ ശേഷം ഇതുവരെ രണ്ടു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുണ്ടായി. എന്നാല്‍ മേല്‍പ്പറഞ്ഞ നിയമം റദ്ദാക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തയ്യാറായതേയില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്ന് എക്കാലവും ആവശ്യപ്പെടുന്ന പാര്‍ടിയാണ് സിപിഐഎം. ഏറ്റവുമൊടുവില്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം പുറത്തിറക്കിയ മാനിഫെസ്റ്റോയിലെ 24 ആം പേജില്‍ 'Repealing anti-conversion laws in states that target minorities' എന്നത് നയമാക്കി സ്വീകരിക്കും എന്നുതന്നെ പറഞ്ഞിട്ടുണ്ട്.

ഇത്തരം നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ടിക്കു കഴിയുമോ ?
കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന സമരത്തോടൊപ്പം ഇത്തരം വസ്തുതകള്‍ കൂടി പരിശോധിക്കണമെന്ന് അഭ്യത്ഥിക്കുന്നു
-പി.എ. മുഹമ്മദ് റിയാസ് -

Advertisment