'എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, ജയിലിൽ മരിക്കുന്നതാണ് നല്ലത്': കോടതിയോട് നരേഷ് ഗോയൽ

ശനിയാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കൂടാതെ തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ഗോയല്‍ വ്യക്തമാക്കി. ഭാര്യ കിടപ്പിലാണെന്നും ഏക മകള്‍ക്കും സുഖമില്ലെന്നും വ്യവസായി പറഞ്ഞു.

New Update
naresh goyal sad.jpg

ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ മരിക്കുന്നതാണെന്ന് ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ പ്രത്യേക കോടതിയില്‍. കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് നരേഷ് ഗോയല്‍. ഭാര്യ അനിത ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്നും അതിനാല്‍ അവരെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും നരേഷ് ഗോയല്‍ കോടതിയില്‍ പറഞ്ഞു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഗോയല്‍ ഇപ്പോള്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സ്പെഷ്യല്‍ ജഡ്ജി എം ജി ദേശ്പാണ്ഡെ മുമ്പാകെയാണ് ഗോയല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Advertisment

ശനിയാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കൂടാതെ തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ഗോയല്‍ വ്യക്തമാക്കി. ഭാര്യ കിടപ്പിലാണെന്നും ഏക മകള്‍ക്കും സുഖമില്ലെന്നും വ്യവസായി പറഞ്ഞു. 'ഞാന്‍ അദ്ദേഹത്തെ ക്ഷമയോടെ കേട്ടു, അദ്ദേഹം വാദങ്ങള്‍ പറഞ്ഞപ്പോള്‍ അവനെ നിരീക്ഷിച്ചു. അയാളുടെ ശരീരം മുഴുവന്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. അയാള്‍ക്ക് നില്‍ക്കാന്‍ പോലും സഹായം ആവശ്യമാണ്,' ജഡ്ജി പറഞ്ഞു. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

കാനറ ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം മേയില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ അടിസ്ഥാനത്തിലാണ് ഇഡി കേസ്. വായ്പ തുകയുടെ ഒരു ഭാഗം ബന്ധപ്പെട്ട കമ്പനികള്‍ക്ക് കമ്മീഷനായി വകമാറ്റി 538.62 കോടി രൂപ ജെറ്റ് എയര്‍വേസ്, ബാങ്കിനെ വഞ്ചിച്ചതായി ബാങ്ക് പരാതിയില്‍ ആരോപിച്ചു. കമ്പനിയുടെ ഫോറന്‍സിക് ഓഡിറ്റില്‍ ഈ ഇടപാടുകള്‍ വഞ്ചനാപരമാണെന്നും വായ്പ തുകയില്‍ നിന്ന് പണം വകമാറ്റിയതാണെന്നും കണ്ടെത്തി.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, ക്രിമിനല്‍ വിശ്വാസ ലംഘനം, ക്രിമിനല്‍ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് ഗോയലിനെതിരെ സിബിഐ എഫ്‌ഐആറില്‍ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഗോയലിന്റെ വസതിയിലും ഓഫീസുകളിലും ഉള്‍പ്പെടെ മുംബൈയിലെ ഏഴ് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയിരുന്നു. കമ്പനികള്‍ക്ക് നല്‍കിയ കമ്മീഷനുകളായി കാണിക്കുന്ന ജെറ്റ് എയര്‍വേസിന്റെ ചിലവുകളുടെ ഒരു ഭാഗം യഥാര്‍ത്ഥത്തില്‍ ഗോയല്‍ കുടുംബത്തിന്റെയും, അഴിമതിയില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികളുടെയും സ്വകാര്യ ചെലവുകള്‍ക്കായി ഉപയോഗിച്ചതായും നടത്തിയ അന്വേഷണത്തില്‍ ഇഡി കണ്ടെത്തി.

jet airways Naresh Goyal
Advertisment