ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നാഷണല്‍ ഹെറാള്‍ഡ് കേസ് ''ശരിക്കും വിചിത്രമായ'' ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി.
കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ചുള്ള തന്റെ വാദങ്ങള്‍ ജൂലൈ 3 ന് ഇഡിയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അഭിഭാഷകന്‍ തന്റെ വാദങ്ങള്‍ ആരംഭിച്ചത്.
''ഇത് ശരിക്കും ഒരു വിചിത്രമായ കേസാണെന്നും സ്വത്ത് ഇല്ലാതെ, സ്വത്ത് ഉപയോഗിക്കാതെ അല്ലെങ്കില്‍ പ്രൊജക്ഷന്‍ ചെയ്യാതെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കപ്പെടുന്ന കേസാണിത് ,'' എന്നും അഭിഭാഷകന്‍ വാദിച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി കൈയടക്കിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി , അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ മോട്ടിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിട്രോഡ എന്നിവര്‍ക്കെതിരെയും , യംഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനി എന്നിവര്‍ക്കെതിരെയുമാണ് കേസ് ഉള്ളത്.
ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇഡി ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ സോണിയയെയും രാഹുലിനെയും ഒന്നാം പ്രതിയായും രണ്ടാം പ്രതിയായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.