/sathyam/media/media_files/2025/11/09/5a571740-98df-4ac3-b7bc-7a1ce310d191-2025-11-09-16-42-16.jpg)
തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവ്വകലാശാലയുടെ സ്ഥാപകനും ചാൻസലറുമായ ഡോ. എ.പി. മജീദ് ഖാൻ്റെ നവതി ആഘോഷം വിപുലമായി നടന്നു. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെ മുൻനിർത്തിയാണ് നവതി ആഘോഷം സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കിയ സ്ഥാപനങ്ങളുടെ ശൃംഖലയാണ് ഡോ. മജീദ് ഖാൻ്റെ ദീർഘവീക്ഷണത്തിൽ വളർന്നത്.
നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോ ചാൻസലർ എം. എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഡയറക്ടർ ഡോ. സലിം ഷഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിശിഷ്ട വ്യക്തികൾ ഭദ്ര ദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ സുകാന്ത മജുംദാർ നവതി സന്ദേശം നൽകി. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, കോട്ടാർ ബിഷപ്പ് എമിരറ്റസ് പീറ്റർ റെമിഗിസ് ,ഗാന്ധിസ്മാരക നിധി ചെയർമാൻ പ്രൊഫ. ഡോ. എൻ.രാധാകൃഷ്ണൻ, തമിഴ്നാട് എം.എൽ.എ എം.ആർ. ഗാന്ധി, മുൻ എം.എൽ. എ അഡ്വ.ശബരി നാഥ് തുടങ്ങിയ പ്രമുഖരും സന്യാസി ശ്രേഷ്ഠന്മാർ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഡോ. എ.പി മജീദ് ഖാന് ആദരവ് നൽകി നവതി ആശംസകൾ അർപ്പിച്ചു.
നവതി ആഘോഷങ്ങളുടെ ഭാഗമായി വരും തലമുറകൾക്കായി ബൃഹത്തായ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പദ്ധതികളെ കുറിച്ചുള്ള വിവരണം നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു നൽകി. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിൽ വികസനത്തിൻ്റെ കാഴ്ചപ്പാടോടെയാണ് പദ്ധതികൾ നടപ്പിലാക്കിയത്.
പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'മിഷൻ പലാഷ് ബ്ലോസം വാലി 2030 . ചെയർമാൻ്റെ നവതിയുടെ ഭാഗമായി നിഷിലെ 90 ഏക്കർ ഭൂമിയിൽ വനത്തിലെ അഗ്നിജ്വാല എന്നറിയപ്പെടുന്ന പലാഷ് (Flame of the Forest) മരങ്ങൾ നട്ട് പിടിപ്പിച്ചു. വലിയ വനവൽക്കരണ ദൗത്യമാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. മണ്ണ് സംരക്ഷണം, ജീർണ്ണിച്ച ഭൂമി പുനഃസ്ഥാപിക്കൽ, പാരിസ്ഥിതിക മൂല്യം വർദ്ധിപ്പിക്കൽ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ 350- കിടക്കകൾ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ പ്രാവർത്തികമാക്കുന്നത്.ആരോഗ്യ സംരക്ഷണ രംഗത്തെ സേവനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി നിഷ് കാമ്പസിൽ 350 കിടക്കകളുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലൂടെ പ്രദേശത്ത്
ലോകോത്തര ആരോഗ്യ സംരക്ഷണം, ക്ലിനിക്കൽ മികവ്, ഗവേഷണം എന്നിവ സംയോജിപ്പിക്കുന്ന ഒരു കേന്ദ്രമായി ഇത് പ്രാവർത്തികമാക്കും.
നിംസ് മെഡിസിറ്റിയിൽ കാൻസർ ചികിത്സയ്ക്ക് പുതിയ സൗകര്യങ്ങൾ;
നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയുടെ മൂന്നാം ഘട്ട പദ്ധതിയായി
200 കിടക്കകൾ കൂടി ഉൾപ്പെടുത്തി റേഡിയേഷൻ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ സൗകര്യങ്ങൾ ഉൾപ്പെടുത്തും.
/filters:format(webp)/sathyam/media/media_files/2025/11/09/8d06b5a4-45ac-4dab-9c08-32d3e1f8efbf-2025-11-09-16-43-17.jpg)
ഇതോടെ ടെർഷ്യറി കെയർ കാൻസർ രോഗനിർണയ ചികിത്സാ രംഗത്ത് നിംസ് മെഡിസിറ്റി മുൻനിര സ്ഥാപനമായി മാറും. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥ ലക്ഷ്യമിട്ട് ഇൻ്റർനാഷണൽ നാച്ചുറോപ്പതിയും യോഗിക് ഹോളിസ്റ്റിക് റിട്രീറ്റും സ്ഥാപിക്കും . ഈ കേന്ദ്രം പ്രകൃതിദത്തമായ രോഗശാന്തിയും പ്രതിരോധ ആരോഗ്യവും പ്രോത്സാഹിപ്പിക്കും. പുരാതന ഇന്ത്യൻ ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ചുകൊണ്ട് ആരോഗ്യപരമായ ഒരു ജീവിതരീതിക്ക് ഇവിടെ പ്രാധാന്യം നൽകും.
ഡോ. എ.പി. മജീദ് ഖാന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ഈ പദ്ധതികൾ, അടുത്ത തലമുറകൾക്ക് വേണ്ടി വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിൽ ട്രസ്റ്റ് നൽകുന്ന മഹത്തായ സംഭാവനയായി മാറും. നിഷിൽ ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, നഴ്സിംഗ് എന്നിവയ്ക്കായി പുതിയ കോളേജുകൾ സ്ഥാപിക്കും.
ഫാർമസി കോളേജും ഗവേഷണ കേന്ദ്രവും, തിരുവതാംകോട് എഞ്ചിനിയറിംഗ് കോളേജ് കാമ്പസിൽ ഉൾപ്പെടുത്തും. ഇടുക്കിയിലെ രാജക്കാട് സ്ഥിതി ചെയ്യുന്ന നിംസ്- എസ്എസ്എം കോളേജിൽ പുതിയൊരു നവതി ബ്ലോക്ക് സ്ഥാപിക്കും. പോഷകാഹാരം, ഡയറ്ററ്റിക്സ് വകുപ്പുകളുടെ വികസനത്തിനായിരിക്കും ഈ ബ്ലോക്ക് ഉപയോഗിക്കുക.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എ.പി. മജീദ് ഖാൻ, നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ നിന്നുള്ള ഇദ്ദേഹം, ഒരു സർക്കാർ ജോലി രാജിവെച്ച് സ്വന്തം നാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയ്ക്ക് തുടക്കമിടുന്നത്. 1957-ൽ, കേരളത്തിലെ ആദ്യകാല സാങ്കേതിക പരിശീലന സ്ഥാപനങ്ങളിൽ ഒന്നായ നൂറുൽ ഇസ്‌ലാം ഐ.ടി.ഐ. (NI ITI) സ്ഥാപിച്ചു. ഗ്രാമീണ യുവാക്കൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ട്രസ്റ്റിന്റെ ശ്രമഫലമായി, കന്യാകുമാരിയിലെ കുമാരകോവിലിൽ നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (NICHE) സ്ഥാപിച്ചു. ഈ സ്ഥാപനം 2008-ൽ ഒരു ഡീംഡ് യൂണിവേഴ്സിറ്റിയായി ഉയർത്തപ്പെട്ടു.
ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ, പൊതുജനാരോഗ്യ സംരക്ഷണത്തിനായി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിംസ് മെഡിസിറ്റി എന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടിലാണ് നിംസ് പ്രവർത്തിക്കുന്നത്.
ഡോ. എ.പി. മജീദ് ഖാന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ സാങ്കേതികവിദ്യ, ശാസ്ത്രം, മാനേജ്‌മെന്റ്, വൈദ്യശാസ്ത്രം എന്നീ മേഖലകളിലായി ലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി വരുന്നു. നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പഠിക്കുന്ന വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us