New Update
/sathyam/media/media_files/2024/10/31/YYzSMyTXZPoUmYDm9QqR.jpg)
ഇസ്ലാമാബാദ് : പാകിസ്താനില്‍ ദീപാവലി ആഘോഷിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ് ഷെരീഫ്.
ഷഹ്റാ-ഇ-കൈ്വദ്-ഇ-അസാമില്‍ നടന്ന ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ സംരംഭങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മറിയം.
ദീപാവലി വിളക്കുകള്‍ കത്തിക്കുകയും 1,400 ഹിന്ദു കുടുംബങ്ങള്‍ക്ക് 15,000 രൂപയുടെ ചെക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവരോടൊപ്പം കേക്ക് മുറിച്ചു.
ഹിന്ദു പണ്ഡിറ്റ് കാശി റാം ദീപാവലി ചടങ്ങുകള്‍ നടത്തുകയും പാക്കിസ്ഥാന്റെ വികസനത്തിനും സ്ഥിരതയ്ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
ചടങ്ങില്‍ മുഖ്യമന്ത്രി മറിയം നവാസ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേക കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ന്യൂനപക്ഷ വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ന്യൂനപക്ഷ മേഖലകളുടെ വികസനം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും അവര്‍ വ്യക്തമാക്കി.
'ആരെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍, ഇരയ്ക്കൊപ്പം ഞാന്‍ നില്‍ക്കും. നമ്മളെല്ലാം പാകിസ്താനികളാണ്, ദീപാവലി സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്. ദീപാവലി വിളക്ക് കത്തിച്ചപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി. അത് പാകിസ്താനികള്‍ എന്ന നിലയിലുള്ള നമ്മുടെ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു.' എന്നും അവര്‍ പറഞ്ഞു.
മൂന്ന് തവണ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ് പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ്.