ഗാസിയാബാദ്: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ അച്ഛനും രണ്ടാനമ്മയും ചേർന്നു പത്തു വയസ്സുകാരനെ തല്ലിക്കൊന്നു. ഗാസിയാബാദിലാണ് ദാരുണ സംഭവം.
500 രൂപ മോഷ്ടിച്ചെന്നായിരുന്നു സംശയം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ, ത്യോറി ബിസ്വ ഗ്രാമത്തിൽ നിന്ന് ദമ്പതികളായ നൗഷാദിനെയും റസിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പണം കാണാതായത് ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ രാവിലെ എട്ടരയോടെ കുട്ടിയെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യൽ മർദ്ദനത്തിലേക്ക് കടക്കുകയും, കുട്ടിയെ ഇരുമ്പ് പൈപ്പുപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ കുട്ടി മരണപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.
9 മണിയോടെ മുത്തശ്ശി ഷാജഹാനാണ് മകനും മരുമകളും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയതായി ഭോജ്പൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.
ഉടൻ തന്നെ പൊലീസ് സംഘം കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന്, മോദിനഗർ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ഗ്യാൻ പ്രകാശ് റായ് പറഞ്ഞു.
ചായക്കട നടത്തുന്ന കുട്ടിയുടെ പിതാവ് കൊലപാതക ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു. അച്ഛനും രണ്ടാനമ്മയും പതിവായി കുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് മുത്തശ്ശി മൊഴി നൽകിയിട്ടുണ്ട്.
ഒമ്പതു വർഷം മുമ്പ് കുട്ടിയുടെ മാതാവ് കുടുംബം ഉപേക്ഷിച്ച് പോയതോടെയാണ് പിതാവ് രണ്ടാം വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിൽ ദമ്പതികൾക്ക് ഒരു മകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.