പാറ്റ്‌ന: വിവാഹാലോചന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. സഹോദരങ്ങളായ ചന്ദന്‍ ജാ, രാജ്‌നന്ദന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പെണ്‍കുട്ടിക്ക് നേരെയും യുവാവ് വെടിവച്ചിരുന്നു. സംഭവശേഷം യുവാവ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. ആഷിഷ് ചൗധരി എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു.
ബിഹാറിലെ ലക്ഷിസറായില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം. രാവിലെ ഛാത് പൂജ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുടുംബാഗങ്ങള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ രണ്ടുപേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് പാറ്റ്‌ന മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ആഷിഷിന് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്.