Advertisment

സ്റ്റേഷനില്‍ നിന്ന് മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും  മോഷ്ടിച്ചു കടത്തിയ അഞ്ചംഗ പോലീസ് സംഘം പിടിയില്‍

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. 

New Update
54555

അഹമ്മദാബാദ്: പോലീസ് സ്‌റ്റേഷനില്‍ നിന്ന് മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച അഞ്ചംഗ പോലീസ് സംഘം പിടിയില്‍. ഗുജറാത്തിലെ മഹാസാഗര്‍ ജില്ലയിലാണ് സംഭവം. 

Advertisment

125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എ.എസ്.ഐ ഉള്‍പ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. 

രണ്ടു ലക്ഷത്തോളം വില വരുന്ന സാധനങ്ങളാണ് രാത്രി ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മോഷ്ടിച്ച് കടത്തിയത്. വനിതകള്‍ക്കുള്ള ലോക്കപ്പിലാണ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ 428 ബോട്ടിലുകളും കള്ളകടത്തുകാരനില്‍ നിന്ന് പിടിച്ച 75 ടേബിള്‍ ഫാനുകളുമാണ് ഉണ്ടായിരുന്നത്. 

ഒന്നരലക്ഷത്തോളം വിലവരുന്ന മദ്യകുപ്പികളും അമ്പതിനായിരം രൂപയിലധികം വരുന്ന ഫാനുകളുമാണ് മോഷ്ടിച്ചത്. അരവിന്ദ് ഖാന്ത് എന്ന എ.എസ്.ഐയുടെ നേതൃത്വത്തിലാണ് മോഷണം നടന്നത്. ഒക്ടോബര്‍ 25നാണ് മോഷണം നടന്നത്. എ.എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ലളിത് പാര്‍മര്‍ എന്നിവര്‍ രാത്രി ഡ്യൂട്ടിക്കിടെ ലോക്കപ്പില്‍ കയറി മോഷ്ടിക്കുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്റ്റേഷനിലെ സാധനങ്ങളുടെ കണക്കുകള്‍ എടുക്കയും അടുക്കി വയ്ക്കുകയും ചെയ്തപ്പോഴാണ് തൊണ്ടി മുതലിലെ കുറവ് ശ്രദ്ധയില്‍പ്പെടുന്നത്. 

 

Advertisment