ബംഗളുരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവതിയുടെ മുഖത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ബംഗളുരുവിലെ ഭവാനിനഗറിലാണ് സംഭവം. മുഖത്തും നെഞ്ചിലുമായി 30 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ആപത്തില്ലെന്നും മുഖത്തെ പൊള്ളലുകള്‍ ഗുരുതരമാണെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്ലംബിംഗ് ജോലിയാണ് 40കാരന്‍ ചെയ്യുന്നത്. ബംഗളുരുവിലെ ഒരു ആശുപത്രിയിലെ സഹായിയാണ് യുവതി. കൗമാരക്കാരായ രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. രാത്രി ഡ്യൂട്ടി ചെയ്യുന്ന ഭാര്യ പകല്‍ വീട്ടില്‍ തനിച്ചുള്ള സമയത്ത് മറ്റൊരു പുരുഷനുമായി ബന്ധപ്പെടുകയാണെന്ന് ഇയാള്‍ സംശയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഭാര്യയുമായി നിരന്തരം കലഹിച്ചിരുന്നു.
നവംബര്‍ 15നാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വന്ന യുവതിയേ കാത്ത് ജോലിക്ക് പോകാതെ ഇയാള്‍ വീട്ടില്‍ കാത്തിരുന്നു. ഭാര്യ വീട്ടിലെത്തിയ ഉടനെ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി.
രാത്രി ഭാര്യ ജോലിക്ക് എത്തിയോ എന്നറിയാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ലെന്ന് പറഞ്ഞായിരുന്നു വഴക്ക്.
തുടര്‍ന്ന് പെട്രോള്‍ യുവതിയുടെ മുഖത്തേക്ക് ഒഴിച്ച് ഇയാള്‍ തീയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഭാര്യ നിലവിളിച്ചതോടെ ഇയാള്‍ ബക്കറ്റില്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.