ചണ്ഡീഗഡ്: അമിത വ്യായാമത്തെത്തുടര്‍ന്ന് യുവാവിന്റെ പേശികള്‍ തകര്‍ന്ന സംഭവത്തില്‍ ജിം പരിശീലകന്‍ 25,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി. സിമ്രന്‍ജിത് സിങ് സിന്ധുവെന്ന യുവാവാണ് പരാതിക്കാരന്‍. അമിത വ്യായാമം കാരണമാണ് യുവാവിന്റെ പേശികള്‍ക്ക് തകരാര്‍ സംഭവിച്ചതെന്ന് മെഡിക്കല്‍ രേഖകളില്‍ വ്യക്തമാണെന്നും നിരീക്ഷിച്ചു. തുടര്‍ന്ന് 25,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും 7000 രൂപ കോടതി ചെലവായി നല്‍കാനും ഉത്തരവിടുകയായിരുന്നു.
ചണ്ഡീഗഡിലാണ് സംഭവം. റോ ഹൗസ് ഫിറ്റ്‌നസ് എന്ന ജിമ്മില്‍ 4500 രൂപ പ്രതിമാസ ഫീസില്‍ ചേരുകയായിരുന്നു. ആദ്യത്തെ രണ്ട് ദിവസം കുറഞ്ഞ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ് ചെയ്തത്. എന്നാല്‍, മൂന്നാം ദിവസം കൂടുതല്‍ ഭാരം ഉപയോഗിച്ചുള്ള വ്യായാമമുറകള്‍ ചെയ്യിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, ഭാരം കൂടുതലെടുത്തതോടെ ഇയാള്‍ക്ക് ശ്വാസമെടുക്കാന്‍ കഴിയാതെ വരികയും പേശികള്‍ തളര്‍ന്ന് കുഴയുകയും ചെയ്തു. തവണ പരിശീലകനോട് വിവരം പറഞ്ഞെങ്കിലും
വ്യായാമം തുടരാനാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിന് വലിയ ശരീരവേദനയും മറ്റ് അസ്വസ്ഥതകളുമുണ്ടായി. പിന്നാലെ, മൂത്രത്തിന്റെ നിറം ചാരനിറമായി മാറി. ഡോക്ടറെ കണ്ടപ്പോള്‍ പേശികള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുള്ള 'റാബ്‌ഡോമയോലിസിസ്' എന്ന അവസ്ഥയാകാന്‍ സാധ്യതയുണ്ടെന്നും ധാരാളം വെള്ളം കുടിക്കാനും നിര്‍ദേശിച്ചു.
പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ പേശീകലകള്‍ തകര്‍ന്ന് മസില്‍ ഫൈബര്‍ ഘടകങ്ങള്‍ രക്തത്തില്‍ കലര്‍ന്നുള്ള അവസ്ഥയാണുണ്ടായതെന്ന് കണ്ടെത്തി. രോഗമുണ്ടാകാന്‍ കാരണക്കാരന്‍ ജിം പരിശീലകനാണെന്ന് ഇയാള്‍ പറഞ്ഞിട്ടും ജിമ്മില്‍ വച്ചുള്ള ഒരു അപകടത്തിനും തങ്ങള്‍ ഉത്തരവാദിയല്ലെന്ന് നിയമാവലിയിലുണ്ടെന്ന് ഇവര്‍ വാദിച്ചു. തുടര്‍ന്ന് യുവാവ് ഉപഭോക്തൃതര്‍ക്ക കോടതിയെ സമീപിക്കുകയായിരുന്നു.
പരിചയസമ്പന്നരായ പരിശീലകരെയാണ് ജിം വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ ജിം പരിശീലകന്‍ അത്തരത്തിലുള്ളതല്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. ജിമ്മിലെ നിയമാവലികള്‍ പലതും ഉപഭോക്തൃ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.
ഫീസായ 4500 രൂപയും നഷ്ടപരിഹാരമായി 7000 രൂപയും നല്‍കാന്‍ വിധിച്ചു. എന്നാല്‍, യുവാവ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ജിമ്മിലെ പല നിയമാവലികളും ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദം കോടതി അംഗീകരിക്കുകയും കൂടുതല്‍ തുക നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു.