കൊല്‍ക്കത്ത: സൈനിക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ മൂന്നു ബാഗുകളില്‍ നിന്നും കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ വാട്ഗുംഗേ ഏരിയയിലെ ശാസ്ഥിതല റോഡിലെ സി.ഐ.എസ്.എഫ്. ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.
ആള്‍ത്താമസമില്ലാത്ത ക്വാട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെത്തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍, ശരീരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്ത്രീക്ക് 30നും 35 വയസിനും ഇടയില്‍ പ്രായമുണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മൂന്ന് ബാഗുകളിലായുള്ള മൃതദേഹത്തില്‍ കൈകളും കാലുകളും വയറിന്റെ ഭാഗവും കാണുന്നില്ല. ബാഗില്‍ നിന്ന് ഒരു ഇഷ്ടിക കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി പുഴയിലോ കനാലിലോ എറിയാനുള്ള ശ്രമമായിരിക്കാമെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്വാര്‍ട്ടേഴ്‌സിന്റെ പരിസരത്തെത്തിയ യുവാക്കളാണ് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശം പരിശോധിച്ചു നോക്കിയത്. മൂന്ന് പോളിത്തീന്‍ ബാഗ് കണ്ടെങ്കിലും തുറന്നു നോക്കിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. പോലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധിക്കുകയാണ്.