/sathyam/media/media_files/LpiIFlI5SadiN07aFZpe.jpg)
ഡല്‍ഹി: 2014 മുതൽ, അഴിമതി ആരോപിച്ച് കേന്ദ്ര ഏജൻസികളിൽ നിന്ന് നടപടി നേരിടുന്ന 25 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ബിജെപിയിലേക്ക് കടന്നത്. ഇതോടെ അവർ നേരിട്ട കേസുകളുടെ അന്വേഷണവും ഏതാണ്ട് മന്ദഗതിയിലായി.
കോൺഗ്രസിൽ നിന്നുമാണ് മുൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ വലിയ നിര കേസിനെ ഭയന്ന് ബിജെപി പാളയത്തിലേക്ക് എത്തിയത്. 10 നേതാക്കളാണ് ഇത്തരത്തിൽ കോൺഗ്രസ് വിട്ടത്.
എൻസിപിയിൽനിന്നും ശിവസേനയിൽനിന്നും നാലുവീതവും ടിഎംസിയിൽ നിന്ന് മൂന്നും ടിഡിപിയിൽ നിന്ന് രണ്ടുപേരും, എസ്പിയിൽ നിന്നും വൈഎസ്ആർസിപിയിൽ നിന്നും ഓരോരുത്തരുമാണ് കേസ് ഭയത്തിൽ മറുകണ്ടം ചാടിയവർ. ഇതിൽ 23 കേസുകളിൽ, അവരുടെ രാഷ്ട്രീയ നീക്കം നേതാക്കൾക്ക് ആശ്വാസമായി മാറി.
മൂന്ന് കേസുകൾ അവസാനിപ്പിച്ചു; മറ്റ് 20 എണ്ണം സ്തംഭനാവസ്ഥയിലോ അന്വേഷണ പുരോഗതി ഇല്ലാത്ത അവസ്ഥയിലോ ആണ്. ഈ പട്ടികയിലുള്ള ആറ് രാഷ്ട്രീയക്കാർ ഈ വർഷം പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ബിജെപിയിലേക്ക് മാറി.
പ്രതിപക്ഷം കേന്ദ്ര ഏജൻസികളുടെ നടപടികളെ "വാഷിംഗ് മെഷീൻ" എന്നാണ് വിളിക്കുന്നത്. അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയക്കാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരില്ല എന്നതാണ് ഇതുകൊണ്ട് പ്രതിപക്ഷം ഉന്നം വെക്കുന്നത്.
2022ൽ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചു. ഒരു വർഷത്തിനുശേഷം അജിത് പവാർ വിഭാഗം എൻസിപിയിൽ നിന്ന് പിരിഞ്ഞ് ഭരണകക്ഷിയായ എൻഡിഎ സഖ്യത്തിൽ ചേർന്നു.
എൻസിപി വിഭാഗത്തിലെ രണ്ട് ഉന്നത നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും നേരിട്ട കേസുകൾ പിന്നീട് അവസാനിപ്പിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. മൊത്തത്തിൽ, മഹാരാഷ്ട്രയിൽ നിന്നുള്ള 12 പ്രമുഖ രാഷ്ട്രീയക്കാർ 25 പേരുടെ ഈ പട്ടികയിലുണ്ട്.
അവരിൽ പതിനൊന്ന് പേർ 2022-ലോ അതിനുശേഷമോ ബിജെപിയിലേക്ക് മാറിയവരാണ്, എൻസിപി, ശിവസേന, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ള നാല് പേർ വീതമാണ് ഇതിൽ ഉൾപ്പെടുന്നത്.