മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച  സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ  മൂന്നു പേര്‍ക്കെതിരെ കേസ്

ആശുപത്രിയിലെ നഴ്സായ അമ്മ ഡ്യൂട്ടിക്ക് പോയ സമയത്താണ് വിജിയും സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

New Update
656666

മുംബൈ: മുംബൈയില്‍ കുര്‍ളയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്. രണ്ട് വര്‍ഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മലയാളി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്.  മാവേലിക്കര സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് വിജി ആല്‍ബിനെതിരെ പോലീസ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തു.

Advertisment

വിജിയുടെ സുഹൃത്ത് ശോഭന പുര്‍ബിയ, ശോഭനയുടെ കാമുകന്‍ പങ്കജ് ഗോഹില്‍ എന്നിവരാണ് സംഭവത്തിലെ മറ്റു പ്രതികള്‍. മലയാളിയായ വിജി റെയില്‍വേ ജീവനക്കാരിയാണ്. വീട് കിട്ടാതെ വന്നപ്പോഴാണ് സുഹൃത്തായ വിജി പെണ്‍കുട്ടിക്കും അമ്മയ്ക്കുമൊപ്പം കുര്‍ളയില്‍ താമസം തുടങ്ങിയത്. അമ്മ ജോലിക്കു പോയ സമയത്ത് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചു. നാലു തവണ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ആശുപത്രിയിലെ നഴ്സായ അമ്മ ഡ്യൂട്ടിക്ക് പോയ സമയത്താണ് വിജിയും സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. മുംബൈയിലെ കുര്‍ളയില്‍ താമസിക്കുന്ന മാവേലിക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയാണ് പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്. നീണ്ട കൗണ്‍സിലിങ്ങിന് ശേഷമാണ് രണ്ട് വര്‍ഷം മുമ്പ് നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് 17 വയസുള്ള പെണ്‍കുട്ടി അമ്മയോട് തുറന്നുപറഞ്ഞത്. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ലൈംഗിക പീഡനം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. റെയില്‍വേ ജീവനക്കാരിയായ മലയാളി വിജി ആല്‍ബിന്‍ (53), സുഹൃത്ത് ശോഭന പുര്‍ബിയ (50), ശോഭനയുടെ കാമുകന്‍ പങ്കജ് ഗോഹിലിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവരും മുംബൈ നിവാസികളാണ്. നഗ്നഫോട്ടോകളും വിഡിയോകളും പകര്‍ത്തിയ പ്രതികള്‍ ഇതേക്കുറിച്ച് പുറത്തു പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി.

സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘര്‍ഷത്തിലായി. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ നവിമുംബൈയിലും കേരളത്തിലും കൗണ്‍സലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങള്‍ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് 2018 മുതല്‍ പെണ്‍കുട്ടിയും അമ്മയും മാത്രമായിരുന്നു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ആരോരുമില്ലാത്ത മലയാളി കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പ്രതികള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയ്ക്കാന്‍ മുംബൈയിലെ മലയാളി സംഘടനകള്‍ ഇടപെടണമെന്ന ആവശ്യവും  ശക്തമായിരിക്കുകയാണ്. 

Advertisment