ഡല്‍ഹി: പുതുവര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും പ്രധാന പ്രദേശങ്ങളിലൊന്നായ ഗാല്‍വാനിലും ഡെംചോക്കിലും താമസിക്കുന്നവര്‍ക്കും സന്തോഷവാര്‍ത്ത. ഈ പ്രദേശങ്ങളിലുള്ളവര്‍ക്കും ഇനി മുതല്‍ മൊബൈലില്‍ 4ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും.
ലഡാക്കിന്റെ പല ഭാഗങ്ങളിലും സര്‍ക്കാര്‍ 4ജി കണക്റ്റിവിറ്റി സ്ഥാപിച്ചു. സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഇത് സാധ്യമായത്.
ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് ഗാല്‍വാന്‍, ഡെംചോക്ക് എന്നിവയുള്‍പ്പെടെ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) വിദൂര ഗ്രാമങ്ങളിലേക്ക് സൈന്യം 4ജി കണക്റ്റിവിറ്റി വിജയകരമായി ബന്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്
ഭാരതി എയര്‍ടെല്ലുമായി സഹകരിച്ചാണ് ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് കാര്‍ഗില്‍, സിയാച്ചിന്‍, ദൗലത്ത് ബെഗ് ഓള്‍ഡി (ഡിബിഒ), ഗാല്‍വാന്‍, ഡെംചോക്ക് തുടങ്ങിയ പ്രധാന മേഖലകളില്‍ 4ജി സേവനങ്ങള്‍ നല്‍കുന്ന 42 ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇത് പ്രദേശവാസികള്‍ക്കും തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കും പ്രയോജനപ്പെടും.
4ജി സേവനം ആരംഭിച്ച പ്രദേശങ്ങള്‍ ചൈന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതും തന്ത്രപ്രധാനവുമാണ്. ഈ സംരംഭം ഈ മേഖലയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റവുമാണ്
അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് മാത്രമല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ടെലിമെഡിസിന്‍, സാമ്പത്തിക വികസനം എന്നിവയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.