ഹൈദരാബാദ്: കുടുംബം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ കീടനാശിനി തളിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോയം കിസ്റ്റു എന്നയാളാണ് അറസ്റ്റിലായത്. തെലുങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
കുടുംബത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. പാചകപുരയുടെ പൂട്ടു തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തിലും ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലും കീടനാശിനി തളിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ പിടികൂടുകയായിരുന്നു. സ്‌കൂളിന് സമീപത്തുനിന്ന് വിഷം കൊണ്ടുവന്ന ഒഴിഞ്ഞ കുപ്പിയും കണ്ടെത്തി.