കോട്ടയുടെ മുകളില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; നവവധു കൊക്കയിലേക്ക് വീണ് മരിച്ചു, അപകടം  ഹണിമൂണ്‍ ആഘോഷത്തിനിടെ

പൂനെ സ്വദേശിയായ ശുഭാംഗി പട്ടേലാ(24)ണ് മരിച്ചത്.

New Update
67777

മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു കൊക്കയിലേക്ക്  വീണ് മരിച്ചു. പൂനെ സ്വദേശിയായ ശുഭാംഗി പട്ടേലാ(24)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെല്‍ഫി എടുക്കുന്നതിനിടെ പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു.  പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബര്‍ എട്ടിനാണ് ശുഭാംഗിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിനായക് പട്ടേലും വിവാഹിതരായത്. 

Advertisment

ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30ന് കോട്ടയുടെ മുകളില്‍ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഈ സമയത്ത് അബദ്ധത്തില്‍ കാല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

നിസര്‍ഗമിത്ര എന്ന പ്രാദേശിക എന്‍.ജി.ഒയുടെ കോട്ടയിലെ ട്രെക്കര്‍മാരും റെസ്‌ക്യൂ ടീം അംഗങ്ങളും കയറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തി. ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പന്‍വേല്‍ താലൂക്ക് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. 

Advertisment