ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹച്ചടങ്ങുകള്‍ക്കിടെ നവവധു സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങി. ഗോരഖ്പുരിലെ ഭരോഹിയയിലെ ഖജ്‌നിയിലുള്ള ശിവക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടെയാണ് സംഭവം.
സീതാപൂരിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ കമലേഷ് എന്നയാളുടെ രണ്ടാം വിവാഹത്തിനിടെയാണ് സംഭവം. വെള്ളിയാഴ്ച നിശ്ചയിച്ച വിവാഹ ചടങ്ങുകള്‍ക്കായി അമ്മയോടൊപ്പമാണ് യുവതി ക്ഷേത്രത്തിലെത്തിയത്.
എന്നാല്‍, ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ ശുചിമുറിയിലേക്ക് പോയ യുവതി സ്വര്‍ണാഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.