പട്‌ന: ബിഹാറില്‍ മദ്യപിച്ച് സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രിന്‍സിപ്പലിനേയും അധ്യാപകനേയും പോലീസ് അറസ്റ്റു ചെയ്തു. നളന്ദ ജില്ലയിലുള്ള ഗുല്‍നി ഗ്രാമത്തിലെ സര്‍ക്കാര്‍
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാഗേന്ദ്ര പ്രസാദ്, കരാര്‍ അധ്യാപകന്‍ സുബോദ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചതോടെ ഇരുവരേയും സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. മദ്യലഹരിയില്‍ ഇരുവരും തടഞ്ഞു നിര്‍ത്തിയ നാട്ടുകാരോടും വിദ്യാര്‍ഥികളോടും സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിവരമറിയച്ചതിനെത്തുടര്‍ന്ന് പോലീസും സ്ഥലത്തെത്തുകയായിരുന്നു.
ഇവരെ അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരില്‍ ഒരാള്‍ മദ്യപിച്ചെന്ന ആരോപണവും ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.