പാട്‌ന: ബിഹാറില്‍ ജീവനക്കാര്‍ക്ക് നേരേ തോക്കുചൂണ്ടി ജ്വല്ലറിയില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഗോപാലി ചൗക്കിലെ തനിഷ്‌ക് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. രാവിലെ ജ്വല്ലറി തുറന്ന് അല്‍പസമയത്തിനകം തന്നെ ആറു പേര്‍ സ്ഥാപനത്തിലേക്ക് എത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജ്വല്ലറിക്കകത്ത് കടന്നത്.
ആര-ബാബുര റോഡില്‍ മൂന്നു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന പ്രതികളായ ആറുപേരെയും പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് പോലീസ് വെടിവെച്ചുവീഴ്ത്തി സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പോലീസ് നടപടി വൈകിയതായി ഷോറൂം ജീവനക്കാര്‍ പറഞ്ഞു. ഞങ്ങള്‍ പോലീസിനെ വിളിച്ചപ്പോള്‍ കുറ്റവാളികള്‍ ഷോറൂമിനുള്ളില്‍ തന്നെയുണ്ടായിരുന്നു. പോലീസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍ പിടികൂടാമായിരുന്നു. പക്ഷേ, അവര്‍ യാത്രയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്നു. അവര്‍ എത്തുമ്പോഴേക്കും കുറ്റവാളികള്‍ രക്ഷപ്പെട്ടെന്നും ജീവനക്കാര്‍ ആരോപിച്ചു.