ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഷ്ട്രീയ സംഘടനകള്‍ക്കൊപ്പം മതതീവ്രവാദ സംഘടനകളും ചില മാധ്യമങ്ങളും ബി.ജെ.പിയുടെ വിജയം തടയാന്‍ ശ്രമിച്ചു. പിണറായിയുടേയും കുടുംബത്തിന്റെയും അഴിമതി സി.പി.എമ്മിന്റെ പരാജത്തിന് കാരണമായി. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത്. ആദ്ദേഹം തോറ്റപ്പോഴും ജയിച്ചപ്പോഴും വേട്ടയാടുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ ഇല്ലാത്തപ്പോഴും മന്ത്രിമാരെ തന്നിട്ടുണ്ട്. രണ്ട് മന്ത്രിമാരെ ആദ്യ മന്ത്രിസഭാ രൂപീകരണത്തില്‍ നല്‍കിയതോടെ നാടിന്റെ വികസനത്തിന് ഇത് കാരണമാകും. കേരളത്തില്‍ ബി.ജെ.പിയുടെ ജനപിന്തുണ വര്‍ധിച്ചുവരുന്നത് രാഷ്ട്രീയമാറ്റത്തിന്റെ സൂചകമാണ്. കേരളം ബി.ജെ.പിക്ക് ബാലികേറാമലയാണെന്നാണ് പ്രധാനകക്ഷികളും മാധ്യമസുഹൃത്തുക്കളും പറഞ്ഞത്. എന്നാല്‍ അതെല്ലാം ജനം തള്ളി. സംസ്ഥാനത്ത് മൂന്നാം ബദല്‍ വളര്‍ന്നുവരുന്നു എന്നതിന്റെ സൂചനയാണ് തെരഞ്ഞടുപ്പ് ഫലം.
സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും പോലും ബി.ജെ.പിക്കാണ് വോട്ട് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായിരിക്കുന്നത് അവര്‍ക്കാണ്. പിണറായിയും സംഘവും നടത്തിയ മുസ്ലീം പ്രീണനമാണ് അവര്‍ക്ക് വോട്ടുകുറയാന്‍ മറ്റൊരു കാരണം.
സി.പി.എമ്മില്‍ ആര് പഠിച്ചാലും ഒരാള്‍ പഠിക്കില്ല. പിണാറായിയുടെ ഏകാധിപത്യവും അധികാരക്കൊതിയും മാറാതെ കേരളത്തില്‍ സി.പി.എം രക്ഷപ്പെടില്ല. സര്‍ക്കാര്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ത്രിപുരയെക്കാളും ബംഗാളിനെക്കാളും മോശമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.