ന്യൂഡൽഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അമാനത്തുള്ള ഖാൻ്റെ ഒഖ്‌ലയിലെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
തന്നെ അറസ്റ്റുചെയ്യാൻ ഇഡി ഉദ്യോഗസ്ഥർ തൻ്റെ വസതിയിൽ എത്തിയെന്ന് അമാനത്തുള്ള ഖാന്‍ ഇന്ന് രാവിലെ 'എക്‌സി'ലൂടെ പ്രതികരിച്ചിരുന്നു.
“ഇപ്പോൾ രാവിലെ 7 മണി. ഇഡി ഉദ്യോഗസ്ഥർ എന്നെ എൻ്റെ വീട്ടിൽ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നു. എന്റെ ഭാര്യമാതാവ് അര്‍ബുദബാധിതയാണ്. നാല് ദിവസം മുമ്പാണ് അവരുടെ ശസ്ത്രക്രിയ നടന്നത്. അവര്‍ എന്റെ വീട്ടിലാണ് കഴിയുന്നത്. ഇഡി അയച്ച ഓരോ നോട്ടീസിനും ഞാൻ അവർക്ക് കത്തെഴുതുകയും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എന്നെ അറസ്റ്റ് ചെയ്ത് ഞങ്ങളുടെ ജോലി തടസ്സപ്പെടുത്തുക എന്നതാണ് അവരുടെ ഉദ്ദേശം"- എന്നായിരുന്നു അമാനത്തുള്ള ഖാൻ്റെ 'എക്‌സി'ലെ കുറിപ്പ്.
അമാനത്തുള്ള ഖാൻ്റെ അറസ്റ്റിനെ എഎപി അപലപിച്ചു. എല്ലാ ഏജൻസികളും കഴിഞ്ഞ 8 വർഷമായി വിവിധ തലങ്ങളിൽ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും പാർട്ടി അവകാശപ്പെട്ടു. ഡൽഹിയിലെ അന്തരീക്ഷം തകർക്കാനുള്ള ബിജെപിയുടെ ഉപകരണമായി കേന്ദ്ര ഏജൻസി മാറിയെന്നും പാർട്ടി ആരോപിച്ചു.
ഏജൻസികൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് രാജ്യം മുഴുവൻ കാണുകയാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരക്കാർ ഇത്തരത്തിലുള്ള സമ്മർദ്ദം കൂടുതൽ വർദ്ധിപ്പിക്കുമെന്നും എഎപി നേതാക്കള്‍ ആരോപിച്ചു.