/sathyam/media/media_files/2025/10/12/abhijit-banerjee-2025-10-12-10-15-44.jpg)
ഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള നോബല്‍ സമ്മാന ജേതാക്കളായ എസ്തര്‍ ഡഫ്‌ലോയും അഭിജിത് ബാനര്‍ജിയും ഉടന്‍ തന്നെ യുഎസ് വിട്ട് സൂറിച്ച് സര്‍വകലാശാലയില്‍ ചേരും. അവിടെ വികസന സാമ്പത്തിക ശാസ്ത്രത്തിനായുള്ള പുതിയ കേന്ദ്രം സ്ഥാപിക്കും.
നിലവില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) ജോലി ചെയ്യുന്ന ഇരുവരും അടുത്ത വര്‍ഷം ജൂലൈ മുതല്‍ സൂറിച്ച് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര ഫാക്കല്‍റ്റിയില്‍ ചേരുമെന്ന് സൂറിച്ച് സര്‍വകലാശാല (യുഇസെഡ്എച്ച്) അറിയിച്ചു.
'ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന്' മൈക്കല്‍ ക്രെമറിനൊപ്പം 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇരവരും എന്തുകൊണ്ടാണ് രാജ്യം വിടാന്‍ തീരുമാനിച്ചതെന്ന് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍, ഗവേഷണ ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളും സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണങ്ങളും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന സമയത്താണ് അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് മാറുന്നത്. ചില രാജ്യങ്ങള്‍ യുഎസ് ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.