അബു സലീം മുങ്ങാൻ സാധ്യത, പോർച്ചുഗലുമായി നയതന്ത്ര പ്രശ്‌നമുണ്ടാകും; പരോൾ അപേക്ഷയെ എതിർത്ത് മഹാരാഷ്ട്ര സർക്കാർ

പരോള്‍ ലഭിച്ചാല്‍ അബു സലീം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

New Update
Untitled

മുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതിയും അധോലോക ഗുണ്ടയുമായ അബു സലീമിന് പരോള്‍ അനുവദിക്കുന്നത് രാജ്യസുരക്ഷയ്ക്കും നയതന്ത്ര ബന്ധങ്ങള്‍ക്കും ഭീഷണിയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍.

Advertisment

പരോള്‍ ലഭിച്ചാല്‍ അബു സലീം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


സഹോദരന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 14 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അബു സലീം കോടതിയെ സമീപിച്ചത്. എന്നാല്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു.


1993-ലെ സ്‌ഫോടനത്തിന് ശേഷം രാജ്യം വിട്ട ചരിത്രമുള്ളയാളാണ് സലീം. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ വീണ്ടും വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ജയില്‍ ഐ.ജി സുഹാസ് വാര്‍കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കടുത്ത വ്യവസ്ഥകളോടെയാണ് പോര്‍ച്ചുഗല്‍ അബു സലീമിനെ ഇന്ത്യയ്ക്ക് കൈമാറിയത്. സലീം രക്ഷപ്പെട്ടാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുകയും പോര്‍ച്ചുഗലുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യും.

ഉത്തര്‍പ്രദേശിലെ അസ്സംഗഡിലേക്കാണ് സലീം പോകാന്‍ ഉദ്ദേശിക്കുന്നത്. ഇത് വര്‍ഗീയമായി സെന്‍സിറ്റീവ് ആയ പ്രദേശമാണെന്നും സലീമിന്റെ സാന്നിധ്യം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും യുപി പോലീസും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.


കേസില്‍ സിബിഐയെയും കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സലീമിന് പരോള്‍ നല്‍കുന്നത് പൊതുസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് സിബിഐയും മുന്നറിയിപ്പ് നല്‍കി. പരമാവധി രണ്ട് ദിവസത്തെ എമര്‍ജന്‍സി പരോള്‍ മാത്രമേ നല്‍കാവൂ എന്നും യാത്രാസമയം ശിക്ഷാകാലയളവായി കണക്കാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.


ജസ്റ്റിസ് എ.എസ്. ഗഡ്കരി, ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ജനുവരി 28-ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. 1993-ലെ മുംബൈ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് നിലവില്‍ അബു സലീം.

Advertisment