കാൺപൂരിൽ ലംബോർഗിനി കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; പുകയില വ്യവസായ പ്രമുഖന്റെ മകൻ പ്രതി

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗ്വാള്‍ ടോളി മേഖലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലംബോര്‍ഗിനി ഫുട്പാത്തിലേക്ക് കയറി അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

New Update
Untitled

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അമിതവേഗതയിലെത്തിയ ആഡംബര കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ഗുരുതര പരിക്ക്.

Advertisment

പുകയില വ്യവസായ പ്രമുഖന്റെ മകനായ ശിവം മിശ്രയാണ് അപകടസമയത്ത് വാഹനമോടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ഇയാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന ബോഡിഗാര്‍ഡുകളുടെ വാദം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.


ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗ്വാള്‍ ടോളി മേഖലയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലംബോര്‍ഗിനി ഫുട്പാത്തിലേക്ക് കയറി അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഫുട്പാത്തില്‍ നിന്നിരുന്ന മുഹമ്മദ് തൗഫീഖ് എന്നയാള്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനിയാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്:


അപകടസ്ഥലത്ത് നിന്ന് ശിവം മിശ്രയെ ബോഡിഗാര്‍ഡുകള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഡ്രൈവര്‍ 'അജ്ഞാതന്‍' എന്നാണ് രേഖപ്പെടുത്തിയത്. ജനരോഷത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇയാളുടെ പേര് ഉള്‍പ്പെടുത്തിയത്.


അപകടത്തിന് ശേഷം പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. അപകടം നടന്ന ഉടനെ ശിവം മിശ്രയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നുമാണ് ബോഡിഗാര്‍ഡുകള്‍ അവകാശപ്പെട്ടത്. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.

Advertisment