/sathyam/media/media_files/2026/02/10/untitled-2026-02-10-10-51-44.jpg)
ഡല്‍ഹി: പീരഗഡിയില്‍ കാറിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.
കേസില്‍ ഒരു മന്ത്രവാദിയെയും സഹായിയെയും ദില്ലി പോലീസ് ചോദ്യം ചെയ്തു വരികയാണ്. മരിച്ച രണ്‍ധീര്‍ (76), നരേഷ് സിംഗ് (47), ലക്ഷ്മി ദേവി (40) എന്നിവര്‍ സംഭവദിവസം രാവിലെ ഈ മന്ത്രവാദിയെ പോയി കണ്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് ഇവര്‍ മന്ത്രവാദിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേക്ക് പോയ ഇവര്‍ വൈകുന്നേരം 3 മണിയോടെ വീണ്ടും പീരഗഡി ഭാഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
കാറിനുള്ളില്‍ നിന്ന് മൂന്ന് മദ്യക്കുപ്പികളും ഉപയോഗിച്ച ഗ്ലാസുകളും കണ്ടെത്തിയിട്ടുണ്ട്. മരിച്ച നരേഷിന്റെയും ലക്ഷ്മിയുടെയും വായ്ക്കകത്ത് ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇത് വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
മൃതദേഹങ്ങളില്‍ പുറമെ പരിക്കുകളൊന്നുമില്ല. മോഷണശ്രമമോ ബലപ്രയോഗമോ നടന്നതിന്റെ ലക്ഷണങ്ങളും പോലീസിന് കണ്ടെത്താനായിട്ടില്ല.
മരിച്ച മൂന്ന് പേരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. രണ്‍ധീറും നരേഷും വസ്തുക്കച്ചവടം നടത്തുന്നവരാണ്. ലക്ഷ്മി വയോജന പരിചരണ രംഗത്താണ് ജോലി ചെയ്തിരുന്നത്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ മരണകാരണത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us