ജനക്പുരിയിൽ ജൽ ബോർഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ യുവാവ് മരിച്ചത് ശ്വാസംമുട്ടി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

സംഭവത്തില്‍ കരാറുകാരനും ജല്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ജനക്പുരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

New Update
Untitled

ഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയില്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് നിര്‍മ്മാണത്തിനായി എടുത്ത കുഴിയില്‍ വീണ് മരിച്ച 25-കാരന്‍ കമല്‍ ധ്യാനിയുടെ മരണകാരണം ശ്വാസംമുട്ടലാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മണ്ണും ചേറും മൂക്കിലും വായിലും അടിഞ്ഞുകൂടിയതും, നെഞ്ചിന് മുകളില്‍ ബൈക്ക് മറിഞ്ഞു വീണതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Advertisment

കുഴിയിലെ മണ്ണ് ശ്വാസതടസ്സം സൃഷ്ടിച്ചതിനൊപ്പം, കനത്ത ഭാരമുള്ള വസ്തു (ബൈക്ക്) നെഞ്ചില്‍ അമര്‍ന്നത് ശ്വാസമെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി.


കമലിന്റെ വലതു തുടയില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരണം സംഭവിച്ചതിന് ശേഷം ബൈക്കിന്റെ സൈലന്‍സര്‍ ശരീരത്തില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തിയതിനാലാകാം ഇതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

രോഹിണിയിലെ ഓഫീസില്‍ നിന്ന് ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ കമലിനെ കാണാതാവുകയായിരുന്നു. പിന്നീട് 15 അടി താഴ്ച്ചയുള്ള, സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തുറന്നിട്ട കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

സംഭവത്തില്‍ കരാറുകാരനും ജല്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ജനക്പുരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


കേസില്‍ പ്രതിയായ രാജേഷ് കുമാര്‍ പ്രജാപതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റൊരു പ്രതിയായ യോഗേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. ഹിമാന്‍ഷു ഗുപ്ത, കവിഷ് ഗുപ്ത എന്നീ കരാറുകാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.


പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് മൂന്ന് ജല്‍ ബോര്‍ഡ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നഗരവികസന മന്ത്രി ആശിഷ് സൂദ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisment