പണക്കാരായ മാതാപിതാക്കളുടെ തണലില്‍ മക്കള്‍ക്ക് എന്തുമാകാം. റീൽസ് എടുക്കാൻ അമിതവേഗതയിൽ എസ്‌യുവി ഓടിച്ചു; എനിക്ക് മകനെ നഷ്ടമായി: കണ്ണീരോടെ ഒരമ്മ

17 വയസ്സുകാരന്‍ ഓടിച്ച സ്‌കോര്‍പ്പിയോ സാഹിലിന്റെ ബൈക്കിലും സമീപത്തെ മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ ഓടിച്ച എസ്യുവിയിടിച്ച് 23 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്. ഇന്‍സ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനായി അമിതവേഗതയില്‍ വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കൊല്ലപ്പെട്ട സാഹില്‍ ധനേശ്രയുടെ അമ്മ ഇന മാക്കന്‍ ആരോപിച്ചു.

Advertisment

ഫെബ്രുവരി 3-ന് ഉച്ചയ്ക്ക് 12 മണിയോടെ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലാണ് അപകടം നടന്നത്. 17 വയസ്സുകാരന്‍ ഓടിച്ച സ്‌കോര്‍പ്പിയോ സാഹിലിന്റെ ബൈക്കിലും സമീപത്തെ മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.


തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കോര്‍പ്പിയോയുമായി സഹോദരിക്കൊപ്പമാണ് കൗമാരക്കാരന്‍ റീല്‍സ് എടുക്കാന്‍ ഇറങ്ങിയത്. തെറ്റായ വശത്തുകൂടി അമിതവേഗതയില്‍ സ്റ്റണ്ട് കാണിച്ചാണ് വണ്ടി ഓടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ഇന മാക്കന്‍ പറഞ്ഞു.

നിയന്ത്രണം വിട്ട എസ്യുവി സാഹിലിന്റെ ബൈക്കില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സാഹില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപത്ത് വിശ്രമിക്കുകയായിരുന്ന ടാക്‌സി ഡ്രൈവര്‍ അജിത് സിംഗിന് ഗുരുതരമായി പരിക്കേറ്റു.


'ഇതൊരു അബദ്ധമോ അപകടമോ അല്ല, ഇതൊരു ക്രിമിനല്‍ കുറ്റമാണ്,' എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയായ ആണ്‍കുട്ടിക്ക് മുന്‍പും അമിതവേഗതയ്ക്ക് പിഴ ലഭിച്ചിട്ടുണ്ടെന്നും, പണക്കാരായ മാതാപിതാക്കളുടെ തണലില്‍ എന്തുമാകാം എന്ന ധാര്‍ഷ്ട്യമാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്നും അവര്‍ ആരോപിച്ചു. നീതിക്കായി തനിക്ക് പിന്തുണ നല്‍കണമെന്ന് അവര്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.


അപകടത്തിന് ശേഷം പിടിയിലായ 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. എന്നാല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 10-ന് പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Advertisment