/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ കുന്നിന്‍ മുകളില്‍ സാഹസിക പ്രകടനം നടത്തുന്നതിനിടെ ഥാര്‍ ജീപ്പ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് സിരോഹി ഗ്രാമത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്താണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ബാലാജി കോളനി സ്വദേശിയായ സോഹന്‍ (15) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. വാഹനമോടിച്ചിരുന്ന വികാസ് (20), ഒപ്പമുണ്ടായിരുന്ന ഹേമന്ത് (16) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള അല്‍-ഫലാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വികാസിന്റെ കുടുംബം ഒരു മാസം മുന്‍പാണ് പുതിയ ഥാര്‍ വാങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളായ സോഹനെയും ഹേമന്തിനെയും കൂട്ടി വികാസ് കുന്നിന്‍ മുകളിലേക്ക് പോകുകയായിരുന്നു. പ്രധാന റോഡില്‍ നിന്നും മാറി ഏകദേശം ഒരു കിലോമീറ്റര്‍ ഉള്ളിലെ കുന്നിന്‍ മുകളിലെത്തിയ ഇവര്‍, കൊക്കയുടെ അരികില്‍ വണ്ടി നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പകര്‍ത്തുകയും സാഹസിക പ്രകടനം നടത്തുകയും ചെയ്തു.
വാഹനം മുന്നോട്ട് എടുക്കുന്നതിന് പകരം അബദ്ധത്തില്‍ റിവേഴ്‌സ് ഗിയര്‍ ഇട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അമിതവേഗതയില്‍ പിന്നോട്ട് നീങ്ങിയ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അശ്രദ്ധമായ രീതിയില്‍ വാഹനമുപയോഗിച്ച് നടത്തിയ സ്റ്റണ്ടുകളും സെല്‍ഫി പകര്‍ത്തിയതുമാണ് അപകടത്തിന് വഴിതെളിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബാദ്ഷാ ഖാന്‍ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ചാണ് തകര്‍ന്ന ജീപ്പ് കൊക്കയില്‍ നിന്ന് പുറത്തെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us