Advertisment

ജാർഖണ്ഡിൽ വാഹനാപകടം, വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് 3 കുട്ടികളടക്കം 4 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

ശീതക്കാറ്റും തണുപ്പും കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും ജനുവരി 13 വരെ അടച്ചിടാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഉത്തരവിട്ടിരുന്നു.

New Update
accident

ഡല്‍ഹി:  ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ഗോല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗുഡ്വില്‍ മിഷന്‍ സ്‌കൂളിലെ കുട്ടികള്‍ ഓട്ടോയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു


അതിനിടെ ഉരുളക്കിഴങ്ങ് നിറച്ചെത്തിയ ട്രക്ക് ഓട്ടോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന കുട്ടികള്‍ ട്രക്കിനടിയില്‍ പെട്ടു. 

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടികളെ പുറത്തെടുത്തത്. എന്നാല്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ച കുട്ടികളുടെ പ്രായം 5 വയസ്സിനും 8 വയസ്സിനും ഇടയിലാണ്.


തിര്‍ലയിലും പരിസര ഗ്രാമങ്ങളിലും താമസിക്കുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അപകടവിവരം അറിഞ്ഞയുടന്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി


ശീതക്കാറ്റും തണുപ്പും കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും ജനുവരി 13 വരെ അടച്ചിടാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഗുഡ്വില്‍ മിഷന്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ അപകടത്തിന്റെ ഉത്തരവാദിത്തം സ്‌കൂള്‍ മാനേജ്മെന്റാണെന്ന് ആളുകള്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാത്ത സ്‌കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ അറിയിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഒളിവില്‍ പോയി.

 

 

Advertisment