ഡൽഹി: ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക് പുറപ്പെട്ടവര്‍ തമ്മില്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 36 പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. അഞ്ചു ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
തീര്‍ഥാടകര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് അപകടം സംഭവിക്കുന്നത്. ഏറ്റവും പിന്നിലുണ്ടായിരുന്ന ബസ് തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന ബസിനെ ഇടിച്ചതോടെയാണ് അപകടത്തിന്റെ തുടക്കം.
പിന്നിലുണ്ടായിരുന്ന ബസ് തൊട്ടു മുന്നിലെ ബസിനെ ഇടിക്കുകയും ഈ ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന മറ്റു ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. പരുക്കേറ്റവരില്‍ കുട്ടികളുമുണ്ടായിരുന്നു.
പരുക്കേറ്റവരെ തൊട്ടടുത്ത ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയിരുന്നത്. തീര്‍ഥാടകര്‍ യാത്ര തുടരണമെന്ന് ആവശ്യപ്പെട്ടതോടെ മറ്റു ബസുകള്‍ ഏര്‍പ്പാടാക്കി യാത്ര തുടരാന്‍ അനുവദിച്ചെന്ന് രാമബന്‍ എസ്എസ്പി കുല്‍ബീര്‍ സിങ് പറഞ്ഞു. നിലവില്‍ നാലുപേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.