/sathyam/media/media_files/2025/09/17/disha-2025-09-17-23-09-17.jpg)
ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വിവരം. രവീന്ദ്ര, അരുൺ എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരും രാജ്യാന്തര ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണെന്നു പൊലീസ് പറയുന്നു. യുപിയിലെ ഗാസിയാബാദിലാണു സംഭവം. അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്ക്കെത്തിയ പൊലീസിനു നേരെ പ്രതികൾ വെടിയുതിർത്തെന്നും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും യുപി പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 12ന് പുലർച്ചെയായിരുന്നു ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് വെടിവയ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവയ്പ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള ഗോൾഡി ബ്രാർ സംഘടന ഏറ്റെടുത്തിരുന്നു.
സനാതന ധര്‍മത്തെ അപമാനിച്ചു എന്നാണ് ഗോൾഡി ബ്രാർ സംഘത്തിലെ അംഗമായ വീരേന്ദ്ര ചരണ്‍ ദിഷയുടെ വീടാക്രമണത്തിനു കാരണമായി പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സിനിമ മേഖലയിലെ എല്ലാവർക്കുമുള്ള മുന്നറിയിപ്പാണിതെന്നും ഭീഷണിയുണ്ടായിരുന്നു.