ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ യുഎസ് കുറ്റപത്രവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ പുതിയ രേഖകള്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ രണ്ട് നിര്‍ണായക രേഖകള്‍ അവതരിപ്പിക്കണമെന്നാണ് വിശാല്‍ തിവാരി സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.
ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി, മറ്റ് എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ ഇന്ത്യയില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ സൗരോര്‍ജ്ജ കരാറുകള്‍ നേടിയെടുക്കാന്‍ വന്‍ കോഴ പദ്ധതി ആസൂത്രണം ചെയ്തന്നൊണ് യുഎസ് കോടതിയില്‍ നിന്നുള്ള ഔപചാരിക കുറ്റപത്രമ പറയുന്നത്. ഈ കരാറുകള്‍ ഉറപ്പിച്ചാല്‍ 2 ബില്യണ്‍ ഡോളറിന്റെ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ കൈക്കൂലിയായി അദാനി ഗ്രൂപ്പ് നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു.
അദാനി ഗ്രൂപ്പിനെതിരെ സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ നിന്നുള്ള പരാതിയാണ് തിവാരി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന രണ്ടാമത്തെ രേഖ.
ചില മൂലധനം അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് സോളാര്‍ പദ്ധതികള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് തെറ്റായ വിവരങ്ങള്‍ നല്‍കി അദാനി എക്‌സിക്യൂട്ടീവുകള്‍ നിക്ഷേപകരെയും ധനകാര്യ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്ഇസി ആരോപിച്ചു.
നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സൗരോര്‍ജ്ജ വൈദ്യുതി വിതരണ കരാറുകള്‍ നേടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കൈക്കൂലി പദ്ധതിയുടെ സൂത്രധാരന്‍ എന്നാരോപിച്ച് യുഎസ് അറ്റോര്‍ണി ഓഫീസ് ബുധനാഴ്ച അദാനി എക്‌സിക്യൂട്ടീവുകള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.