/sathyam/media/media_files/2025/10/10/dgp-2025-10-10-22-23-13.jpg)
ചണ്ഡീഖഡ്: ഹരിയാന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) വൈ പുരണ്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡിജിപിയെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍.
പുരണ്‍ കുമാറിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി. ആത്മഹത്യാ കുറിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ച് പുരൺ കുമാർ പരാമര്‍ശിച്ചിരുന്നു.
കൂടാതെ ഡിജിപി ശത്രുജിത് കപൂര്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഉദ്യോഗസ്ഥരുടെ പേരുകളും കുറിപ്പിൽ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെ ചണ്ഡീഖഡിലെ സെക്ടര്‍ 11-ലെ വസതിയിലെ ബേസ്‌മെന്റില്‍ വെടിയേറ്റ നിലയിലായിരുന്നു പുരണ്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
പുരണ്‍ കുമാര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ പരാതി നല്‍കിയത്.
ആന്ധ്രാപ്രദേശിലെ 2001 ബാച്ചില്‍ നിന്നുള്ള ഓഫീസറാണ് പുരൺ കുമാര്‍.
നിയമത്തില്‍ നിന്ന് അണുവിട മാറാതെ നീതിക്കായി പോരാടുന്ന ഓഫീസര്‍ കൂടിയായിരുന്നു പുരൺ. തന്റെ പ്രവര്‍ത്തന മേഖലയിലെ പ്രശ്നങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായ ഇടപെടലുകള്‍ നടത്താനും അദ്ദേഹം എപ്പോഴും താല്‍പര്യം കാണിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.