അസാൻസോളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; എംഎൽഎ അഗ്നിമിത്ര പോളിന് നേരെ 'ഗോ ബാക്ക്' വിളികൾ

പാണ്ഡ ബന്ദ്പാറയില്‍ അഗ്‌നിമിത്ര പോള്‍ വീടുതോറുമുള്ള പ്രചാരണം നടത്തുന്നതിനിടെ ഒരു കൂട്ടം ടിഎംസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.

New Update
Untitled

അസാന്‍സോള്‍: പശ്ചിമ ബംഗാളിലെ അസാന്‍സോള്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപി എംഎല്‍എ അഗ്‌നിമിത്ര പോളിന്റെ ജനസമ്പര്‍ക്ക പരിപാടിക്കിടെ വന്‍ സംഘര്‍ഷം.

Advertisment

ന്യൂ എഗാര മേഖലയില്‍ പ്രചാരണത്തിനെത്തിയ എംഎല്‍എയെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകര്‍ തടയുകയും 'ഗോ ബാക്ക്' വിളികള്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.


പാണ്ഡ ബന്ദ്പാറയില്‍ അഗ്‌നിമിത്ര പോള്‍ വീടുതോറുമുള്ള പ്രചാരണം നടത്തുന്നതിനിടെ ഒരു കൂട്ടം ടിഎംസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. 'ഗോ ബാക്ക്' മുദ്രാവാക്യങ്ങള്‍ക്കും 'ജോയ് ബംഗ്ലാ' വിളികള്‍ക്കും പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെ പ്രതിരോധിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി.


വാഗ്വാദങ്ങള്‍ പിന്നീട് ഉന്തും തള്ളിലും ശാരീരികമായ ഏറ്റുമുട്ടലിലും കലാശിച്ചു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ തങ്ങളുടെ പ്രവര്‍ത്തകനെ ടിഎംസി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ബിജെപി ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി എംഎല്‍എ മണ്ഡലത്തില്‍ സജീവമല്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് ജനങ്ങളെ കാണാന്‍ എത്തുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.


'തൃണമൂല്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം എന്റെ പ്രചാരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത്തരം ഭീഷണികള്‍ കൊണ്ട് ജനങ്ങളെ കാണുന്നതില്‍ നിന്ന് എന്നെ തടയാനാവില്ല. റോഡുകളും ഓടകളും നിര്‍മ്മിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ ഭരണകൂടത്തിനാണ്, അത് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.' അഗ്‌നിമിത്ര പോള്‍ പറഞ്ഞു.


അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ടിഎംസി നേതൃത്വമാണെന്നും ബിജെപി എംഎല്‍എ മണ്ഡലത്തെ അവഗണിച്ചുവെന്നുമാണ് ടിഎംസി പ്രവര്‍ത്തകനായ സുമന്‍ മണ്ഡല്‍ ആരോപിച്ചത്.

Advertisment