അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ വത്‌വ ഏരിയയിൽ തറാവീഹ് നമസ്‌കാരം കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രി തറാവീഹ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ഹിന്ദുത്വവാദികൾ കല്ലേറ് നടത്തുകയായിരുന്നു.
ഇതിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങിവന്ന് കുട്ടികളടക്കമുള്ളവരെ തടഞ്ഞുവെച്ച് കത്തിമുനയിൽ നിർത്തി 'ജയ് ശ്രീറാം' വിളിപ്പിച്ചെന്നും ദൃക്‌സാക്ഷി പറഞ്ഞു. ശേഷം മുസ്‌ലിംകളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കല്ലേറിൽ 17കാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
അക്രമികളെ പിടികൂടാൻ പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നു. അക്രമികളെന്ന് സംശയിക്കുന്നവരുടെ പേര് പരാതിയിൽ ഉൾപ്പെടുത്താൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു.
മാത്രമല്ല, കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ മൊഴി മാറ്റിപ്പറയണമെന്ന് ആക്രമണത്തിന് ഇരയായവരിൽ ചിലരോട് പൊലീസ് ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.