അഹമ്മദാബാദ്: പുതിയ വഖഫ് നിയമം മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അഹമ്മദാബാദില്‍ ചേര്‍ന്ന എ.ഐ.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസാക്കിയെന്നും ഇത് മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
താമസിയാതെ അവര്‍ ക്രിസ്ത്യന്‍ ഭൂമിയും ആക്രമിക്കാന്‍ പോകുകയാണെന്നും പിന്നാലെ അവര്‍ സിഖുകാരിലേക്ക് പോകുമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് കഴിഞ്ഞ ദിവസം ഓര്‍ഗനൈസര്‍ ലേഖനത്തിലൂടെ അവര്‍ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ കമ്മ്യൂണിറ്റിക്കും മതത്തിനും ഭാഷയ്ക്കും രാജ്യത്ത് ബഹുമാനവും സ്ഥാനവും ലഭിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാജ്യം എല്ലാവരുടേതുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെലങ്കാനയില്‍ ജാതി സെന്‍സസ് നടപ്പാക്കിയെന്നും രാജ്യത്ത് സെന്‍സസ് നടപ്പിലാക്കണമെന്ന് പാര്‍ലമെന്റില്‍ നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്ത് ആദിവാസി, ദളിത്, പിന്നോക്ക സമുദായങ്ങളെ പരിഗണിക്കുന്നുണ്ടോയെന്ന് തനിക്കറിയണമായിരുന്നുവെന്നും എന്നാല്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രധാനമന്ത്രി അത് നിരസിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.